കൊടകര: പേരാമ്പ്ര സർക്കാർ ആയുർവേദ ആശുപത്രിയിലേക്കുള്ള റോഡിന്റെ നിർമാണം പൂർത്തിയാക്കാത്തതിൽ കൊടകര മണ്ഡലം കോൺഗ്രസ് 12-ാം വാർഡ് കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ഒരുവർഷം മുൻപാണ് എം.എൽ.എ ഫണ്ടിൽ നിന്നും റോഡ് നിർമാണത്തിനായി ഒന്നേക്കാൽ കോടി രൂപ അനുവദിച്ച് നിർമാണോദ്ഘാടനം നടത്തിയത്. എന്നാൽ റോഡിന്റെ പണി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. എം.എൽ.എയും കൊടകര പഞ്ചയാത്ത് പ്രസിഡന്റും കരാറുകാരനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ അഴിമതിയുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു. ധർണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.കെ. ഷൈൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഡെൽജിത്ത് ഞർളേലി അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം അൽഫോൻസ തോമാസ്, സദാശിവൻ കുറുവത്ത്, വി.ആർ. രഞ്ജിത്ത്, ജോണി മഞ്ഞാങ്ങ തുടങ്ങിയവർ സംസാരിച്ചു.