തൃശൂർ: ഗ്രൂപ്പ് വഴക്ക് കൊലപാതകങ്ങൾക്ക് പിന്നാലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ കൊലപാതക കേസുകളിലൊന്നാണ് അയ്യന്തോൾ ഫ്ളാറ്റ് കൊലക്കേസ്.

ലാൽജി കൊള്ളന്നൂർ, മധു ഈച്ചരത്ത്, എ.സി ഹനീഫ കൊലപാതകങ്ങൾ വിവാദമായത് ഗ്രൂപ്പ് വൈരത്തിന്റെ പേരിലായിരുന്നെങ്കിൽ കെ.പി.സി.സി സെക്രട്ടറി രാമദാസ് അടക്കമുള്ളവർ പ്രതിയായതോടെയാണ് ഫ്ളാറ്റ് കേസ് വിവാദത്തിലായത്.

ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ എം.ആർ രാമദാസ് കുറ്റവിമുക്തനാക്കപ്പെടുകയാണ്. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടർന്ന് 2013 ജൂൺ ഒന്നിന് രാവിലെയാണ് അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രത്തിന് മുൻവശത്ത് മധു ഈച്ചരത്ത് കൊല്ലപ്പെടുന്നത്. ആ വർഷത്തെ വിഷുനാളിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന പ്രേംജി ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായിട്ടായിരുന്നു മധുവിന്റെ കൊലപാതകം. ഇതിന് പ്രതികാരമായിരുന്നു 2013 ആഗസ്റ്റ് 16ന് അയ്യന്തോൾ പഞ്ചിക്കൽ റോഡിൽ വച്ച് പ്രേംജിയുടെ ജ്യേഷ്ഠനും ന്യൂനപക്ഷ സെൽ കൺവീനറുമായിരുന്ന ലാൽജി കൊള്ളന്നൂരിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ഇരുകേസുകളിലും പ്രതികൾ ജീവപര്യന്തം തടവിന് ശിക്ഷയനുഭവിക്കുകയാണ്. ഇതിന് പിന്നാലെയാണ് 2015ൽ ആഗസ്റ്റ് ഏഴിന് ചാവക്കാട് എ ഗ്രൂപ്പ് നേതാവായിരുന്ന എ.സി ഹനീഫയെ വീട്ടിൽ കയറി മാതാവിന്റെ മുന്നിൽവെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കോൺഗ്രസിലെ ഗ്രൂപ്പ് പോരാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. എന്നാൽ കോൺഗ്രസ് നേതാക്കളുടെ വ്യക്തിപരമായ ഇടപെടലായിരുന്നു ഫ്ളാറ്റ് കേസിൽ കൊലപാതകത്തിലെത്തിച്ചത്. കുറ്റവാളികൾക്കൊപ്പം നിന്നു, അവരെ സംരക്ഷിച്ചു, രക്ഷപ്പെടാൻ സൗകര്യം ചെയ്തു എന്നതാണ് രാമദാസിനെ പ്രതിക്കൂട്ടിലാക്കിയത്. കുറ്റവിമുക്തനായെങ്കിലും കോൺഗ്രസിലെ പദവികളിലേക്കെത്തുക എന്നത് രാമദാസിന് ഏറെ ബുദ്ധിമുട്ടേറിയതായിരിക്കും.

ഫ്‌ളാറ്റ് കൊലപാതകം

സ്ഥലം അയ്യന്തോളിലെ പിനാക്കിൾ റസിഡൻസിയിലെ 102ാം നമ്പർ ഫ്‌ളാറ്റ്

മരിച്ചത് ഷൊർണൂർ മഞ്ഞക്കാട് ലതാ നിവാസിൽ സതീശൻ
മരണം
ഫെബ്രുവരി 29 മുതൽ ക്രൂരമർദ്ദനവും ഭക്ഷണവും വെള്ളവുമില്ലാതെ മുറിയിൽ പൂട്ടിയിട്ടത് മൂലം
പുറത്തറിഞ്ഞത് മാർച്ച് 3

പ്രതി ചേർത്തത്

കൃഷ്ണപ്രസാദ്, റഷീദ്, ശാശ്വതി, സുനിൽ, രതീഷ്, ബിജു, സുനിൽ, എം.ആർ രാമദാസ്, സുജീഷ്

അന്വേഷിച്ചത്

വെസ്റ്റ് സി.ഐ വി.കെ രാജു ( ഇപ്പോൾ അസി. കമ്മിഷണർ)

കേസ് പരിഗണിച്ചത്
തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി

വിസ്താരം തുടങ്ങിയത് 2017 ഡിസംബറിൽ

സാക്ഷികൾ 72