തൃശൂർ : ഗവ. മെഡിക്കൽ കോളേജിൽ പ്ളാസ്മ തെറാപ്പി ചികിത്സ നടത്തിയ കൊവിഡ് രോഗി രോഗവിമുക്തി നേടി. ഡൽഹിയിൽ നിന്നെത്തിയ ഗുരുവായൂർ സ്വദേശി ജയചന്ദ്രനാണ് (51) വെള്ളിയാഴ്ച ആശുപത്രി വിട്ടത് . ജൂൺ ഏഴിനായിരുന്നു കൊവിഡ് സ്ഥിരീകരിച്ച് ജയചന്ദ്രനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ന്യൂമോണിയ ബാധിച്ച് ആരോഗ്യനില വഷളായ ജയചന്ദ്രനെ പിറ്റേ ദിവസം തന്നെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടർന്ന് നിരവധി മരുന്നുകൾ നൽകിയെങ്കിലും ഫലിക്കാഞ്ഞതോടെ പ്ളാസ്മ തെറാപ്പി നൽകി. രണ്ട് തവണയായി 400 മില്ലി പ്ളാസ്മയാണ് നൽകിയത്. തുടർന്ന് രണ്ട് ദിവസത്തിന് ശേഷം വെന്റിലേറ്ററിൽ നിന്നും മാറ്റാനായി. കൊവിഡ് രോഗവിമുക്തനായ ചാലക്കുടി സ്വദേശി ഡേവീസ് ആന്റണിയാണ് പ്ളാസ്മ നൽകിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസിന്റെയും സൂപ്രണ്ട് ഡോ.ആർ. ബിജുകൃഷ്ണന്റെയും നേതൃത്വത്തിൽ ജനറൽ മെഡിസിൻ, അനസ്തേഷ്യ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരാണ് ചികിത്സ നൽകിയത്.