ചാലക്കുടി: അതിരപ്പിള്ളിയിൽ ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഓഫീസ് അടച്ചിടുന്നത് അടക്കം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 2 മുതൽ 7 വരെയുള്ള വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ആലുവയിൽ ചുമട്ടുതൊഴിലാളിയായ വെറ്റിലപ്പാറ സ്വദേശിക്ക് വെള്ളിയാഴ്ചയായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇയാളോടൊപ്പം ജോലിക്ക് പോയ മറ്റു പത്തുപേരുടെ കുടുംബങ്ങളെ നിരീക്ഷണത്തിലാക്കി. ഇയാളുടെ ഭാര്യ അംഗമായ തൊഴിലുറപ്പ് വിഭാഗത്തിന്റെ പ്രവർത്തനം നിറുത്തിവച്ചു. ഇവരേയും നിരീക്ഷണത്തിലാക്കി.
ഏഴു ദിവസം പഞ്ചായത്ത് ഓഫീസിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. വാർഡുകളിൽ ഹോട്ടലുകൾ അടച്ചിടും അവശ്യ സാധങ്ങൾക്കുള്ള കടകൾ നിശ്ചിത സമയത്ത് തുറക്കാം. രോഗികൾ, പ്രായമുള്ളവർ, കുട്ടികൾ എന്നിവർ നിരത്തിലറങ്ങുന്നത് വിലക്കിയിട്ടുണ്ട്. രോഗ സ്ഥിരീകരണം ഉണ്ടായ ഉടനെ പ്രസിഡന്റ് തങ്കമ്മ വർഗീസിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് ഓഫീസിൽ മോണിറ്ററിംഗ് സമിതി യോഗം ചേർന്ന് അടിയന്തര നടപടികൾക്ക് നിർദ്ദേശിച്ചു. വൈസ് പ്രസിഡന്റ് കറുപ്പ സ്വാമി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല തുടങ്ങിയവർ പങ്കെടുത്തു.