ഇരിങ്ങാലക്കുട: കൊവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കൈത്താങ്ങായി ആട്ടോമാറ്റിക് തെർമൽ സ്കാനർ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ക്രൈസ്റ്റ് കോളേജ് ഒഫ് എൻജിനിയറിംഗിലെ വിദ്യാർത്ഥികൾ. ശരീരോഷ്മാവ് മനസ്സിലാക്കാനും, രോഗലക്ഷണങ്ങൾ പരിശോധിക്കുന്നതിനും രോഗികളുമായി ആരോഗ്യ പ്രവർത്തകരുടെ നേരിട്ടുള്ള സമ്പർക്കം കുറയ്ക്കാനും 'ടിമോസ്' എന്ന ആട്ടോമാറ്റിക് തെർമൽ സ്കാനറിന് എളുപ്പം കഴിയും എന്നതാണ് പ്രത്യേകത. കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാർത്ഥിയായ ജെയിൻ വർഗീസാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചത്. വിദ്യാർത്ഥികളായ ഫെബിൻ കെ.ടി, നവനീത് പി ഷൈൻ, അമിത് വിനായക്, ഫ്രെഡിൻ ജോ ആൻസ്, റിയോ ബിജോയ്, സാമുവൽ ആന്റണി എന്നിവരും അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് സാങ്കേതികമായ പിന്തുണ നൽകിയതോടെ തെർമൽ സ്കാനർ യാഥാർത്ഥ്യമാവുകയായിരുന്നു. കോളേജ് എഡ്യുക്കേഷണൽ ഡയറക്ടർ ഫാ. ജോൺ പാലിയേക്കര 'ടിമോസ്'ന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഇലക്ട്രിക്കൽ വിഭാഗം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പൂർണ്ണപിന്തുണ വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്നു.