തൃശൂർ: നിരീക്ഷണത്തിലിരിക്കെ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് ഉണ്ടായിരുന്നുവെന്ന് അവസാന പരിശോധനാ റിപ്പോർട്ട്. അരിമ്പൂർ പരയ്ക്കാട് വടക്കെപുരയ്ക്കൽ വിശ്വംഭരന്റെ ഭാര്യ വത്സലയാണ് (63) കഴിഞ്ഞ അഞ്ചിന് നെഞ്ചുവേദനയെ തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് എത്തിയ ഉടൻ മരിച്ചത്. അതേസമയം മരണം കൊവിഡ് പട്ടികയിൽപെടുത്തി പ്രഖ്യാപനം വന്നിട്ടില്ല.
കൊവിഡ് പ്രോട്ടോകാൾ പാലിക്കാതെയായിരുന്നു സംസ്കാര ചടങ്ങുകൾ.
തൃശൂരിൽ നടത്തിയ മൂന്ന് പരിശോധനകളിൽ രണ്ടെണ്ണം നെഗറ്റീവ് ആവുകയും ഒരെണ്ണം പൊസിറ്റീവ് ആകുകയും ചെയ്ത പശ്ചാത്തലത്തിൽ വിദഗ്ദ്ധ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കുകയായിരുന്നു. ഈ ഫലവും പൊസിറ്റീവ് ആയതോടെയാണ് മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്.
സംസ്കാരം കഴിഞ്ഞ് മൂന്നാം ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇൻക്വസ്റ്റ് നടത്തിയ പൊലീസും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തവരും അടക്കം അമ്പതിലധികം പേർ നിരീക്ഷണത്തിലായി.
ഗുരുവായൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വത്സലയുടെ മകൾ നിരീക്ഷണത്തിലായത്. ഇതിനിടയിൽ ഇവരും കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്തിരുന്നതായും വിവരമുണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുന്ന ട്രൂനാറ്റ് പരിശോധനയിൽ വത്സല നെഗറ്റീവ് ആയിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോ. ഹിതേഷ് ശങ്കർ പി.സി.ആർ പരിശോധനയ്ക്ക് സ്രവം ശേഖരിച്ചു. ഇതിന്റെ ഫലം പൊസിറ്റീവായി.