തൃശൂർ: കൊവിഡ് വ്യാപനത്തിൽ പ്രതിദിനം ശരാശരി 100-150 ലേറെ പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകിയിട്ടും ക്വാറന്റൈനിലുളളവരുടെ മാനസികസമ്മർദ്ദം കുറയുന്നില്ല. ക്വാറന്റൈനിലിരിക്കെ ഇന്നലെ തൃശൂരിൽ ഒരാൾ ജീവനൊടുക്കിയതോടെ സംസ്ഥാനത്ത് സമ്മർദ്ദത്തിൽ ജീവനൊടുക്കുന്നവരുടെ എണ്ണം മൂന്നായി.

ഈ പശ്ചാത്തലത്തിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനുളള കൗൺസലിംഗും ചികിത്സയും അടക്കം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്. മാനസിക സമ്മർദ്ദമോ കുടുംബപ്രശ്നങ്ങളോ ഉണ്ടായാൽ കൗൺസിലിംഗിന് വിദഗ്ദ്ധ സഹായം തേടാൻ മടിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കൊവിഡിനെ അതിജീവിച്ചവരുടെ അനുഭവം കൗൺസലിംഗിന് ഉപയോഗപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതിന് കൊവിഡ് ബാധിച്ച് രോഗം പൂർണ്ണമായി ഭേദമായവരെ കണ്ടെത്തി പരിശീലനം നൽകി എം പാനൽലും ചെയ്തിരുന്നു.

കൊവിഡ് രോഗബാധയുള്ളവർക്കും രോഗത്തെക്കുറിച്ച് ആശങ്കയുള്ളവർക്കും കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കും അറിവ് നൽകുന്ന കൊവിഡ് എക്‌സ്പീരിയൻസ്ഡ് കൗൺസലിംഗ് പദ്ധതിയാണ് നടക്കുന്നത്. സൈക്കോളജിസ്റ്റുകളും കൗൺസിലർമാരും ഉൾപ്പെടുന്ന വിദഗ്ദ്ധരാണ് സംശയ നിവാരണം നടത്തുന്നത്. വിളിക്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ടുപേർ നിരീക്ഷണത്തിലിരിക്കേയാണ് ആത്മഹത്യ ചെയ്തത്. ലോക് ഡൗൺ തുടങ്ങിയ ശേഷം ഇതുവരെ 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തതെന്ന് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫ്ളാറ്റുകളിലും അപാർട്ടുമെന്റുകളിലും കഴിയുന്ന കുടുംബങ്ങളിൽ ലോക്ഡൗൺ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സമ്മർദ്ദമേറ്റുന്നതായും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. വൃദ്ധരിലും അമ്മമാരിലും ഇത് പ്രതിഫലിക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ലക്ഷണം തിരിച്ചറിയാം

പ്രത്യാശയില്ലായ്മ, ഉത്സാഹക്കുറവ്, നിസാരതാ ബോധം

ചിന്തയിലെ മാറ്റങ്ങൾ, ഏകാഗ്രതക്കുറവ്, ഓർമ്മക്കുറവ്, ആകുലത

ശാരീരിക വിഷമങ്ങൾ, തളർച്ച, ദു:സ്വപ്നങ്ങൾ കാണൽ

പെരുമാറ്റവൈകല്യം, കരച്ചിൽ, ഒതുങ്ങിക്കൂടൽ...

.......................................

128 പേർ അടങ്ങുന്ന സംഘം ക്വാറന്റൈനിലുളളവർക്ക് കൗൺസിലിംഗ് നടത്തുന്നുണ്ട്. ക്വാറന്റൈനിലുള്ളവരെ വിളിച്ച് സംസാരിക്കുക മാത്രമല്ല, സൈക്യാട്രി കൺസൾട്ടേഷനും അത്യാവശ്യമുള്ളവരെ അഡ്മിറ്റ് ചെയ്യുകയും ചികിത്സിക്കുകയും ചെയ്യുന്നുണ്ട്.

ഡോ. കെ.ജെ. റീന, ഡി.എം.ഒ

സാന്ത്വനത്തിൻ്റെ

ആയുർവേദവഴി

” അതിജീവനം -ക്വാറന്റൈൻ ഫോർ എ ചേഞ്ച് " എന്ന പരിപാടിയിലൂടെ ക്വാറന്റൈനിൽ കഴിയുന്നവർക്ക് വ്യക്തിത്വ വികസനത്തിനും മാനസികപ്രശ്നം പരിഹരിക്കാനും ഭാരതീയ ചികിത്സാവകുപ്പ് അവസരം നൽകുന്നുണ്ട്. ഈ സേവനം തേടിയ 25 പേരിൽ 18 പേർ ക്വാറന്റൈനിലുള്ളവരാണ്. കുട്ടികൾക്കായി കളറാണ് ജീവിതം എന്ന പദ്ധതിയും നടക്കുന്നുണ്ട്.

വിളിക്കാം: 9188526392

............................