ഗുരുവായൂർ: ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ണന്റെ തിരുനടയിൽ വീണ്ടും വിവാഹങ്ങൾക്ക് തുടക്കം. ഇന്നലെ പത്ത് വിവാഹങ്ങൾ നടന്നു. രാവിലെ ആറ് മുതൽ വധൂവരന്മാർ, ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 12 പേർക്ക് മാത്രം വിവാഹത്തിനായി സന്നിധിയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി.
ഇന്നും ക്ഷേത്ര സന്നിധിയിൽ വിവാഹം നടക്കും. ഇന്നലെ ഉച്ചവരെ 12 വിവാഹങ്ങളാണ് കൗണ്ടറിൽ ബുക്ക് ചെയ്തിട്ടുള്ളത്. മിഥുനമാസത്തിലെ അവസാന ഞായറാഴ്ചയാണ് ഇന്ന്. കർക്കടത്തിൽ വിവാഹങ്ങൾ അപൂർവമായേ നടക്കാറുള്ളൂ.
ഇന്നലെ രാവിലെ ദീപസ്തംഭത്തിന് സമീപത്തു നിന്നും ദർശനം നടത്തുന്നതിന് വലിയ തിരക്ക് അനുഭവപ്പെട്ടു. സത്രം ഗേറ്റ് വരെ ദർശനത്തിനുള്ള വരി നീണ്ടു. രണ്ട് മീറ്റർ അകലം പാലിച്ചാണ് ഭക്തരെ വരി നിറുത്തിയത്.
കഴിഞ്ഞ മാസം 13നാണ് ക്ഷേത്രത്തിൽ അവസാന വിവാഹം നടന്നത്. മാർച്ച് 15ന് നിറുത്തിവച്ച വിവാഹം വീണ്ടും നടത്തുന്നതിന് ജൂൺ നാല് മുതൽ അനുവാദം നൽകിയിരുന്നു. എന്നാൽ ഗുരുവായൂരിന്റെ സമീപ പ്രദേശങ്ങളായ ചാവക്കാട് നഗരസഭ, വടക്കെക്കാട് പഞ്ചായത്ത് പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായതിനെ തുടർന്നാണ് ജൂൺ 12 മുതൽ വിവാഹങ്ങൾക്കുള്ള അനുമതി നിറുത്തലാക്കിയത്.
അനുമതിയില്ലാതെയും വിവാഹം !
ദേവസ്വം കഴിഞ്ഞ മാസം 12ന് അനുമതി നിഷേധിച്ചെങ്കിലും നിരവധി വിവാഹങ്ങൾ ക്ഷേത്ര സന്നിധിയിൽ നടക്കുന്നുണ്ടായിരുന്നു. കിഴക്കേനട സത്രം ഗേറ്റിന് സമീപത്തെത്തി വധൂവരന്മാർ താലി ചാർത്തി മടങ്ങിപ്പോകും. ഇതേത്തുടർന്നാണ് ദേവസ്വം വീണ്ടും വിവാഹം നടത്താൻ അനുമതി നൽകിയത്.