rajesh-kalathil
രാജേഷ് കളത്തിൽ

മാള: പ്ളാസ്റ്റിക് ഷീറ്റ് മേൽക്കൂരയാക്കി ചൊർന്നൊലിക്കുന്ന കുടിലിൽ കഴിഞ്ഞിരുന്ന അനീഷിനും ഭാര്യയ്ക്കും രണ്ടര മാസം പ്രായമായ കുഞ്ഞിനും മഴ കൊള്ളാതെ കയറിക്കിടക്കാം. അടച്ചുറപ്പുള്ള 350 ചതുരശ്ര അടി വിസ്‌തീർണമുള്ള വീട്ടിൽ അവർ താമസമാരംഭിച്ചു. പാല് കാച്ചി സ്വപ്ന ഭവനത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ അനീഷിന്റെയും കുടുംബത്തിന്റെയും കടപ്പാട് രാജേഷിനോടും സുഹൃത്തുക്കളോടുമാണ്. ലോക് ഡൗണിൽ ഉപജീവനമാർഗ്ഗമില്ലാത്തവരെ കണ്ടെത്തി സഹായിക്കലായിരുന്നു പൊയ്യ എ.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ക്ലർക്കായ കൃഷ്ണൻകോട്ട സ്വദേശി കളത്തിൽ രാജേഷിന്റെ പണി. അങ്ങനെയൊരു സേവനത്തിനിടെയാണ് അനീഷിന്റെയും കുടുംബത്തിന്റെയും ദു:സ്ഥിതി കാണുന്നത്.

ഭക്ഷ്യക്കിറ്റുമായെത്തിയപ്പോഴാണ് പൊയ്യയിൽ ഒരു പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ മുറി പോലും തിരിക്കാത്ത കുടിലിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ കണ്ടത്. അപ്പോൾ തന്നെ കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിച്ചുകൊടുക്കാൻ പദ്ധതിയിട്ടു. ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചപ്പോൾ നിരവധി സുഹൃത്തുക്കൾ സഹായിച്ചു. മേയ് 18 ന് തീരുമാനിച്ച വീടെന്ന സ്വപ്നം ജൂലായ് 12 ന് സാക്ഷാത്കരിച്ച് അവർ താമസം ആരംഭിക്കുകയും ചെയ്തു. രണ്ട് ലക്ഷത്തിലധികം രൂപയാണ് ചെലവായത്.

സ്വന്തം പേരിൽ ഭൂമിയില്ലാത്ത അനീഷ് മാതാവ് സുശീലയുടെ മരിച്ചുപോയ അച്ഛന്റെ പേരിലുള്ള സ്ഥലത്താണ് കുടിൽ കെട്ടിയിരുന്നത്. വീട് മാത്രമല്ല രാജേഷ്,​ അകത്തെ ഓരോന്നും ഒരുക്കിയത് സുഹൃത്തുക്കളുടെ സഹായഹസ്തത്താലാണ്. ഇക്കാലയളവിൽ രാജേഷ് ഭക്ഷണത്തിന് വകയില്ലാതായ 350 ൽ അധികം കുടുംബങ്ങളിലേക്ക് ഭക്ഷണ സാധനങ്ങൾ, പഠനത്തിനായി ടി.വിയും നൽകിയിട്ടുണ്ട്. വൈദ്യുതി എത്താതിരുന്ന പൊയ്യ കോട്ടുള്ളിക്കാരൻ സുരേഷ്‌കുമാറിന്റെ വീട്ടിലേക്ക് വെളിച്ചമെത്തിച്ചത് ഒരാഴ്ച മുമ്പാണ്. വിദേശത്തും സ്വദേശത്തുമുള്ള സൗഹൃദ വലയങ്ങളാണ് രാജേഷിന് തുണയാകുന്നത്.