തൃശൂർ: മുംബയിൽ നിന്നെത്തി ലോഡ്‌ജിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന വൃദ്ധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാളിയായ ജോൺസണാണ് (64) മരിച്ചത്. ജൂലായ് ഏഴാം തീയതിയാണ് ഇദ്ദേഹം ബിസിനസ് ആവശ്യത്തിന് തൃശൂരിലെത്തിയത്. തുടർന്ന്, തൃശൂർ എം.ജി റോഡിലെ ലോഡ്‌ജിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇന്നലെ രാവിലെ ഭക്ഷണം വാതിൽക്കലെത്തിച്ചിരുന്നു. പത്തരയായിട്ടും ഭക്ഷണം എടുക്കാത്തത് ശ്രദ്ധയിൽപ്പെട്ട ലോഡ്‌ജ് ജീവനക്കാർ വാതിലിൽ മുട്ടി വിളിക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട്, ജനൽ പഴുതിലൂടെ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഈസ്റ്റ് പൊലീസും ഫയർഫോഴ്‌സുമെത്തി മൃതദേഹം പുറത്തെടുത്തു.
നാട്ടിലെ വിലാസം കണ്ടുപിടിക്കാനാകാത്തത് മൂലം ബന്ധുക്കളെ വിവരം അറിയിക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം വിട്ടുകൊടുക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കാൻ വൈകുന്നുണ്ട്. ഇദ്ദേഹമെത്തിയത് ആരോഗ്യവകുപ്പ് അറിഞ്ഞിരുന്നില്ല. അറിഞ്ഞാൽ ആരോഗ്യപ്രവർത്തകർ ഉടൻ ബന്ധപ്പെടും. കൗൺസലിംഗ് അടക്കമുളള ചികിത്സകൾ ഉടൻ ലഭ്യമാക്കാനും സാധിക്കും.
- ഡോ.കെ.ജെ.റീന, ഡി.എം.ഒ.