ചാലക്കുടി: പതിനാല് ആദിവാസി ഊരുകൾ അടങ്ങുന്ന പഞ്ചായത്തിൽ കൊവിഡ് എത്തിപ്പെട്ടതോടെ എല്ലാവകുപ്പുകളും അതീവ ജാഗ്രതയിൽ. ചുമട്ടുതൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അതിരപ്പിള്ളി പഞ്ചായത്ത് പ്രാദേശിക നിയന്ത്രണത്തിലായി. തുമ്പൂർമുഴിയിൽ വാഹനം തടഞ്ഞ് അത്യാവശ്യ യാത്രയാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. അല്ലാത്ത ആളുകളെ പൊലീസ് തിരിച്ചയച്ചു.

അതിരപ്പിള്ളി വെള്ളച്ചാട്ട ജംഗ്ഷൻ വരെയാണ് നിയന്ത്രണം. അവശ്യ സാധനം വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പും തുറക്കുന്നുണ്ട്. ആദിവാസി മേഖലയുടെ പ്രത്യേക സുരക്ഷ കണക്കിലെടുത്ത് വാഴച്ചാൽ, പുളിയിലപ്പാറ, മലക്കപ്പാറ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തി.

ഇതാദ്യമായാണ് അതിരപ്പിള്ളി പഞ്ചായത്തിൽ കൊവിഡ് ബാധയുണ്ടായത്. കേന്ദ്ര സർക്കാർ ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബ്രിട്ടീഷ് പൗരന്റെ സന്ദർശനവുമായി ബന്ധപ്പെട്ടും രണ്ടാഴ്ചയോളം പഞ്ചായത്തിൽ കൊവിഡ് ഭീതി നിലനിന്നിരുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തിയ ശേഷം കൊച്ചിയിൽ വച്ചായിരുന്നു ഇയാളുടെ രോഗ സ്ഥിരീകരണം.

ഇതേത്തുടർന്ന് ബ്രിട്ടീഷ് പൗരൻ താമസിച്ച ഹോട്ടലും സന്ദർശിച്ച സ്ഥാപനങ്ങളും ആരോഗ്യ വകുപ്പ് അടപ്പിച്ചു. ആദ്യമായാണ് പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്. ചുമട്ടുതൊഴിലാളിയുമായി ബന്ധപ്പെട്ട 38 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയത്. ഇവരെ നിരീക്ഷണത്തിലാക്കി. ഒരു പഞ്ചായത്തംഗവും ഇതിൽപെടും. തൊഴിലാളിയുടെ ഭാര്യ തൊഴിലുറപ്പ് പ്രവൃത്തിയിൽ ഉള്ളതിനാൽ ഇതിലെ അംഗങ്ങളും ക്വാറന്റൈനിലായി.

............

പ്രാഥമികസമ്പർക്കത്തിലുള്ള പത്തുപേരുടെ സ്രവം തിങ്കളാഴ്ച പരിശോധിക്കും. ഇതിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും തുടർ നടപടികൾ

തങ്കമ്മ വർഗീസ്

പഞ്ചായത്ത് പ്രസിഡന്റ്