ചാലക്കുടി: ചങ്കൻകുറ്റി തടയണ ജനങ്ങൾക്ക് തുറന്ന് കൊടുത്തു. പരിയാരം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചങ്കൻകുറ്റിയിൽ കപ്പത്തോടിന് കുറുകെ നിർമ്മിച്ച തടയണയാണ് ലളിതമായ ചടങ്ങിൽ ഉദ്ഘാടനം നടത്തിയത്.
ജില്ലാ പഞ്ചായത്ത് അനുവദിച്ച 25ലക്ഷം രൂച ചെലവിലായിരുന്നു നിർമ്മാണം. കുറ്റിക്കാട് പ്രദേശത്തെ കർഷകരുടെ പ്രധാന ജലസേചന തോടാണ് കപ്പത്തോട്. വേനലിൽ കർഷകർ കൃഷിക്ക് ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളമാണ്. 2018ലെ മഹാപ്രളയത്തിൽ ചങ്കൻകുറ്റി തടയണയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതോടെ തടയണ പുനർ നിർമ്മിക്കണമെന്ന ആവശ്യവും ഉയർന്നു.
പത്ത് മീറ്റർ നീളത്തിലാണ് പുതിയ തടയണ നിർമ്മിച്ചത്. ഫൗണ്ടേഷൻ ചെയ്യുന്നതിന് തോടിന്റെ അടിഭാഗത്ത് പാറ വരുന്ന സ്ഥലത്ത് ഡവൽബാർ അടിച്ചും കരിങ്കൽ പാക്ക് ചെയ്തും ബലപ്പെടുത്തി. ഇതിന് മുകളിൽ ആർ.സി.സി ഉപയോഗിച്ചാണ് പില്ലർ നിർമ്മിച്ചിരിക്കുന്നത്. വെള്ളം തടഞ്ഞ് നിറുത്താനും തുറന്നുവിടാനുമായി നാല് സ്റ്റീൽ ഷട്ടറുകളും സ്ഥാപിച്ചു. ഷട്ടറുകൾ ഉയർത്താനായി ചെയിൻ പുള്ളി, 13 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ലീഡിംഗ് ചാനൽ എന്നിവയും ഒരുക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെനീഷ് പി. ജോസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി അശോകൻ, പഞ്ചായത്ത് അംഗങ്ങളായ ഷാജി ജോസഫ്, അനൂപ് ഡേവീസ്, ബ്ലോക്ക് മെമ്പർ ലിജി പോളി എന്നിവർ സംസാരിച്ചു. എക്‌സിക്യൂട്ടിവ് എൻജിനിയർ ജോജി പോൾ റിപ്പോർട്ട് അവതരിപ്പിച്ചു.