ചാവക്കാട്: ബ്ലാങ്ങാട് മത്സ്യമാർക്കറ്റിൽ ചാവക്കാട് പൊലീസ് മിന്നൽ പരിശോധന നടത്തി. സാമൂഹിക അകലം പാലിക്കാതെയും, മാസ്ക്, ഗ്ലൗസ് എന്നിവ ധരിക്കാതെ മാർക്കറ്റിൽ തിങ്ങിനിറഞ്ഞു നിന്ന മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു പരിശോധന.
പൊന്നാനി, കുന്നംകുളം മത്സ്യ മാർക്കറ്റുകൾ കണ്ടെയ്ൻമെന്റ് സോൺ ആയതിനാലാണ് ചാവക്കാട് മാർക്കറ്റിൽ തിരക്കേറിയത്. രോഗവ്യാപനം മുൻനിറുത്തി മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരുന്നവർക്കെതിരെയാണ് കേസ്. ഇനിയും കർശനമായ പരിശോധനകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കുന്നംകുളം എ.സി.പി: ടി.എസ് സിനോജിന്റെ നിർദ്ദേശ പ്രകാരം എസ്.എച്ച്.ഒ: അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ യു.കെ ഷാജഹാൻ, സിനോജ് ജി.എസ്, സി.പി.ഒ: ജിബിൻ, ജോഷി, അജയ്, ഷൈജു എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് മിന്നൽ പരിശോധന നടത്തിയത്.