ചാവക്കാട്: മടേക്കടവിലെ സി.പി.എം പ്രവർത്തകനായ അശോകന്റെ വീടിന്റെ മേൽക്കൂര സേവാഭാരതി പ്രവർത്തകർ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് മേഞ്ഞുനൽകി. കുറച്ചു വർഷങ്ങളായി ശോചനീയാവസ്ഥയിലായിരുന്ന അശോകന്റെ വീട് ഇടിഞ്ഞുപൊളിയാറായ അവസ്ഥയിലാണ്.
പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീട് വയ്ക്കാനുള്ള ധനസഹായത്തിനായി ബി.ജെ.പി പ്രവർത്തകരുടെ സഹായത്തോടെ അപേക്ഷ നൽകിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചാവക്കാട് നഗരസഭ അപേക്ഷ തള്ളിയിരുന്നു. നിലവിലെ വീടിന് കെട്ടിടനമ്പർ ലഭിക്കാനും റേഷൻ കാർഡ് നേടിക്കൊടുക്കാനും ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുത്തത് വാർഡിലെ ബി.ജെ.പി പ്രവർത്തകരായിരുന്നു.
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം തൃശൂർ ജില്ലാ സഹസംയോജകൻ രജീഷ് ഈശ്വരമംഗലത്ത്, ആർ.എസ്.എസ് ചാവക്കാട് നഗർ ഭൗതിക് ശിക്ഷൺ പ്രമുഖ് പി.ബി. ശത്രുസിൻ, ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗം അൻമോൽ മോത്തി എന്നിവരുടെ നേതൃത്വത്തിലാണ് സേവാഭാരതി പ്രവർത്തകർ അശോകന്റെ വീടിന്റെ മേൽക്കൂര മേഞ്ഞു നൽകിയത്.
രതീഷ് കൊളത്തേരി, അജിത് മന്ത്ര, വൈശാഖ്, എ.എസ്. സജീവ്, ശ്യാം കുന്നത്ത്, സജിത്ത് ചിറ്റത്തേൽ എന്നീ പ്രവർത്തകരും സജീവമായി സേവാപ്രവർത്തനത്തിൽ കൂടെയുണ്ടായിരുന്നു.