കയ്പമംഗലം: കഴിമ്പ്രം പനച്ചിച്ചുവട് പൊതുജനസമിതി ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ പി. കേശവ് ദേവ് അനുസ്മരണവും നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനസൗകര്യാർത്ഥം ടി.വി. വിതരണവും സംഘടിപ്പിച്ചു.
നിർദ്ധന മത്സ്യത്തൊഴിലാളിയുടെ മൂന്ന് കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ലഭ്യമാക്കുന്നതിന് വായനശാല സമാഹരിച്ച ടി.വി പൊതുജനസംരക്ഷണ സമിതി സെക്രട്ടറി സിദ്ദിഖ് പുറക്കുളം കൈമാറി. വായനശാലാ പ്രസിഡന്റ് ഷൈലജ ദിലീപ് അദ്ധ്യക്ഷയായി. ലൈബ്രറി കൗൺസിൽ ചാവക്കാട് താലൂക്ക് സെക്രട്ടറി കെ.എ. വിശ്വംഭരൻ മാസ്റ്റർ, വലപ്പാട് നേതൃസമിതി കൺവീനർ ശ്രീ ചിദംബരൻ മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി.
വായനശാല എക്‌സിക്യൂട്ടിവ് അംഗം വി.കെ. സ്മിത, സെക്രട്ടറി എം.എൻ. രാജീവ്, ലൈബ്രറേറിയൻ സോണിയ സുനിൽ എന്നിവർ സംസാരിച്ചു.