അരിമ്പൂർ: ക്വാറന്റൈനിലിരുന്ന മകൾക്ക് കൂട്ടിരിക്കെ കുഴഞ്ഞു വീണ് മരിച്ച വീട്ടമ്മ വത്സലയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അരിമ്പൂർ പഞ്ചായത്തിലെ അഞ്ചാം വാർഡായ കിഴക്കേ പരയ്ക്കാട് , കുന്നത്തങ്ങാടി ഭാഗം അതിതീവ്ര നിയന്ത്രണ മേഖലയായി കളക്ടർ പ്രഖ്യാപിച്ചു. ജില്ലയിൽ സമ്പർക്ക രോഗികൾ കൂടുന്ന സാഹചര്യത്തിലാണിത്. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസിന്റെ വാർഡാണിത്. ആദ്യ പരിശോധനയിൽ രോഗം സ്ഥിരീകരിക്കാനായിരുന്നില്ല. പോസ്റ്റ്മോർട്ടത്തിൽ പങ്കെടുത്ത ഡോക്ടർമാരടക്കം 10 ആരോഗ്യ പ്രവർത്തകരും അന്തിക്കാട് എസ്.ഐ, എ.എസ്.ഐ, വനിതാ സി.പി.ഒ അടക്കം മൂന്ന് പേരും നിരീക്ഷണത്തിലാണ്.
സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പരിസരവാസികളായ 34 പേരും നിരീക്ഷണത്തിലാണ്. ഇതിൽ 20 പേർ അതിതീവ്ര സമ്പർക്ക പട്ടികയിലുള്ളതാണെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ പി. ശ്രീകുമാർ പറഞ്ഞു. രോഗബാധിതനായ കെ.എസ്.ആർ.ടി.സി. ബസിലെ കണ്ടക്ടർ ജോലി ചെയ്തിരുന്ന വാഹനത്തിലാണ് വത്സലയുടെ മകൾ സഞ്ചരിച്ചിരുന്നത്.