തൃശൂർ: കുഴഞ്ഞ് വീണ് ഗവ. മെഡിക്കൽ കോളേജിലെത്തിച്ച് ഇൗ മാസം 5 ന് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന്, മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരടക്കം 10 പേർ ജൂലായ് 21 വരെ ക്വാറന്റൈനിൽ തുടരണമെന്ന് തൃശൂർ മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു. നാല് ഫോറൻസിക് സർജന്മാർ, പാത്തോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർ, നഴ്സുമാരുൾപ്പെടെ നാല് ജീവനക്കാർ എന്നിവരെയാണ് ക്വാറന്റൈനിലേക്ക് മാറ്റിയത്.അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശിനി വടക്കേപുരയ്ക്കൽ വത്സലയാണ് (63) മരിച്ചത്. മരണകാരണത്തിൽ വ്യക്തതയില്ലാതിരുന്നതിനാൽ മൃതദേഹം കൊവിഡ് പരിശോധയ്ക്കുള്ള ട്രൂനാറ്റ് ടെസ്റ്റിന് ശേഷം ഫോറൻസിക് വിഭാഗത്തിന്റെ കീഴിലെ കോൾഡ് റൂമിലേക്ക് കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളോടെ മാറ്റി. ട്രൂനാറ്റ് ഫലം നെഗറ്റീവായതിനാൽ ഏഴിന് ഇൻക്വസ്റ്റിന് ശേഷം ഡോക്ടറുടെ നേതൃത്വത്തിൽ ഉച്ചയ്ക്ക് 1.30നും 2.30നും ഇടയിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം സമയത്ത് സാമ്പിൾ എടുത്ത് വി.ആർ.ഡി.എൽ ലാബിലേക്ക് കൊവിഡിനുള്ള ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് അയച്ചു. ഇതിൽ കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന്, സൂക്ഷ്മ സ്ഥിരീകരണത്തിനായി പൂനെ നാഷ്ണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും അയച്ചിരുന്നു. ഇവിടെ സ്ഥിരീകരിച്ചതോടെയാണ് മെഡിക്കൽ ബോർഡിന്റെ അടിയന്തര തീരുമാനം. മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പെടെ മൃതദേഹവുമായി സമ്പർക്കത്തിൽ വന്നവരിൽ 68 പേരും മൃതദേഹ പരിശോധന നടത്തിയ അന്തിക്കാട് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ നിരീക്ഷണത്തിലാണ്.