തൃശൂർ: പ്രധാന മാർക്കറ്റുകൾ കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മാർക്കറ്റുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാതല അവലോകന യോഗം തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ, വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.

കൊവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം കർശനമാക്കാനും തീരുമാനമെടുത്തു. കഴിഞ്ഞ ആറ് മാസ കാലയളവിലെ കൊവിഡ് പ്രതിരോധ പ്രവർത്തനം യോഗം വിലയിരുത്തി. തീരദേശങ്ങളിലെ മീൻ വിൽപ്പനയെ തുടർന്നുണ്ടാകുന്ന ക്രമാതീതമായ ജനക്കൂട്ടവും അടിയന്തരമായി നിയന്ത്രണ വിധേയമാക്കും.

കാലവർഷം കടക്കുന്നതോടെ അപകടാവസ്ഥയിൽ ആകുന്ന ഉരുൾപൊട്ടൽ സാദ്ധ്യതയുള്ള സ്ഥലം പ്രത്യേകം പരിഗണിക്കും.

ഗവൺമെന്റ് ചീഫ് വിപ്പ് കെ. രാജൻ, കെ. വി. അബ്ദുൾഖാദർ എം.എൽ.എ, മുരളി പെരുനെല്ലി എം.എൽ.എ, കോർപറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഡി.എം.ഒ കെ. ജെ റീന, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ തുടങ്ങിയവർ പങ്കെടുത്തു. കൃഷി മന്ത്രി വി. എസ് സുനിൽ കുമാർ, ബി. ഡി ദേവസി എം. എൽ. എ തുടങ്ങി ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ വീഡിയോ കോൺഫറൻസ് വഴിയും യോഗത്തിൽ പങ്കെടുത്തു.

.............

കൊവിഡ് നിയന്ത്രണം ശക്തമാകുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡം പാലിക്കാതെയുള്ള സമരങ്ങളെ ചെറുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും

ആർ. ആദിത്യ

സിറ്റി പൊലീസ് കമ്മിഷണർ

.............

കൊവിഡ് 19 സ്ഥിരീകരിച്ചവരിൽ 83 ശതമാനവും വിവിധ സ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്ത് ജില്ലയിൽ എത്തിയവരാണ്. 13 ശതമാനം പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്

കെ.ജെ റീന

ഡി.എം.ഒ