തൃശൂർ: കോർപറേഷനിൽ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ മറവിൽ കോടികളുടെ ഭൂമി കച്ചവടത്തിന് കളമൊരുങ്ങിയെന്ന് പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലൻ ആരാപിച്ചു. 360 കോടി ചെലവിൽ നാല് ചെറുകിട ജലവൈദ്യുത പദ്ധതികൾ കോർപറേഷനിൽ നടപ്പിലാക്കാൻ പദ്ധതിക്കായി വനഭൂമി ലഭ്യമാക്കുന്നതിന് പകരം ഇരട്ടി റവന്യൂ ഭൂമി കോർപറേഷൻ പൈസ കൊടുത്ത് വാങ്ങി വനവത്കരിച്ച് വനംവകുപ്പിന് കൈമാറണം. അക്കാര്യം മറച്ചു വച്ചാണ് അതിരപ്പിള്ളി പദ്ധതിക്ക് വന ഭൂമി ലഭ്യമാക്കാൻ നടപടികൾക്കായി 13ന് കൗൺസിൽ യോഗത്തിൽ ഒന്നാംനമ്പർ അജണ്ടയായി അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളതെന്നും രാജൻ ജെ. പല്ലൻ ആരോപിച്ചു.
അതിരപ്പിള്ളി വനമേഖല ഉൾപ്പെട്ട സ്ഥലത്ത് ഏഴ് മെഗാവാട്ട് കണ്ണൻകുഴി പദ്ധതിക്കാവശ്യം 20 ഏക്കർ വനഭൂമിയാണ്. പകരം 40 ഏക്കർ വനേതര ഭൂമി കോർപറേഷൻ വാങ്ങി വനവത്കരിച്ച് വനംവകുപ്പിന് കൈമാറണം. പക്ഷേ അക്കാര്യം അജൻഡയിൽ പറയുന്നില്ല. പദ്ധതികൾ നടപ്പാക്കുന്നതിനേക്കാൾ ഭൂമി കച്ചവടത്തിലെ കമ്മിഷനിലാണ് ഭരണനേതൃത്വത്തിന്റെ കണ്ണെന്നും കോർപറേഷൻ പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കർണാടക അതിർത്തിയിൽ ഉൾപ്പെടെ ചെറുകിട ജലവൈദ്യുത പദ്ധതികൾ ഏറ്റെടുക്കുന്നതിനെ കോൺഗ്രസ് തുടക്കം മുതൽ എതിർത്തിരുന്നു. കെ.എസ്.ഇ.ബി പ്രയോഗികമല്ലെന്ന് കണ്ട് ഉപേക്ഷിച്ച പദ്ധതികളാണിത്. കോർപറേഷന് അനുമതി നൽകേണ്ട റെഗുലേറററി കമ്മിഷനും, പദ്ധതികൾ പ്രായോഗികമല്ലെന്ന് വിധി എഴുതിയിരുന്നു. പദ്ധതി നടത്തിപ്പിന് കോർപ്പറേഷൻ കൺസൾട്ടൻസി ആയി നിയോഗിച്ച കെ.എസ്.ഇ.ബി.യും പദ്ധതികൾ പ്രായോഗികമല്ലെന്ന ഉപദേശവുമായി കൺസൾട്ടൻസി കരാറിൽ നിന്നും പിൻവാങ്ങിയതാണ്. അങ്ങനെ പ്രായോഗികമല്ലാത്ത പദ്ധതികളാണ് ഭൂമി കച്ചവടം മാത്രം ലക്ഷ്യമാക്കി കോർപറേഷൻ മുന്നോട്ടു പോകുന്നതെന്ന് രാജൻ ജെ. പല്ലൻ പറഞ്ഞു.