തൃശൂർ : തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിൽ പതറാത്ത കൊമ്പന്മാർ വിരളം. എന്നാൽ ഇന്നലെ ചെരിഞ്ഞ കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ തൃപ്രയാർ രാമചന്ദ്രന് പക്ഷേ വെടിക്കെട്ട് പ്രശ്നമായിരുന്നില്ല.
കൂട്ടി എഴുന്നള്ളിപ്പിനും മറ്റും തിടമ്പേറ്റുന്ന കൊമ്പന്മാരെ കുറിച്ച് എല്ലാവരും വാതോരാതെ പുകഴ്ത്തുമ്പോൾ കമ്പക്കെട്ടിന് മുന്നിൽ കണ്ണിമചിമ്മാതെ നോക്കി നിൽക്കുന്ന രാമചന്ദ്ര കുറിച്ച് പക്ഷേ പലർക്കും അറിയില്ല. രാത്രി പൂരം കഴിഞ്ഞ് വെടിക്കെട്ടിന് ഒരുക്കം ആരംഭിക്കുമ്പോൾ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്ന ഗജവീരനിൽ നിന്ന് തിടമ്പ് രാമചന്ദ്രനിലേക്ക് മാറ്റും.
വെടിക്കെട്ടിന് മുന്നിൽ കൂസാതെ നിൽക്കുന്ന രാമചന്ദ്രനെ പോലുള്ള കൊമ്പനോടുള്ള വിശ്വാസമായിരുന്നു ഈ മാറ്റത്തിന് കാരണം. വെടിക്കെട്ട് കഴിയുന്നത് വരെ നിന്ന നിൽപ്പിൽ തന്നെ അനങ്ങാതെ നിൽക്കും. ആ സമയം വെടിക്കെട്ട് കഴിഞ്ഞാലും ചെവിയിൽ തിരുകിയ കൈ മാറ്റാതെ ആരവം മുഴക്കുകയാകും വെടിക്കെട്ട് പ്രേമികൾ. ചെറുപ്പത്തിൽ തന്നെ തൃപ്രയാറിൽ നടയിരുത്തിയ രാമചന്ദ്രൻ അവിടത്തെ നിയമവെടിക്കും വെടിവഴിപാടുകൾക്കുമിടയിലൂടെ നടന്നാണ് വെടിക്കെട്ട് പേടി ഇല്ലാതായത്. തൃപ്രയാർ ക്ഷേത്രത്തിൽ പുലർച്ചെ മൂന്നിനും വൈകീട്ടുമുള്ള നിയമവെടിയിൽ ഞെട്ടാതെ നിൽക്കുന്നവർ വിരളമാണ്. അഞ്ചാം വയസിൽ തൃപ്രയാറിൽ എത്തിയതാണ് രാമചന്ദ്രൻ. ഒരു വികൃതിക്കാരൻ കൂടിയായിരുന്നു രാമചന്ദ്രൻ. തന്റെ മുന്നിലൂടെ ആരെങ്കിലും കടക്കാൻ ശ്രമിച്ചാൽ അവനെയൊന്നു തട്ടാതെ വിടുന്ന ശീലം ഈ കൊമ്പനില്ല. ഭക്ഷണ പ്രിയനായ രാമചന്ദ്രൻ പന്തിയിൽ മുമ്പ് കിട്ടണമെന്ന വാശിക്കാരൻ കൂടിയാണ്. ആറാട്ടുപുഴ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലും സ്ഥിര സാന്നിദ്ധ്യമായിരുന്നു.