ele

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുൻനിര കൊമ്പൻമാരിൽ പ്രമുഖനായ തൃപ്രയാർ രാമചന്ദ്രൻ (63) ചെരിഞ്ഞു. ഇന്നലെ പുലർച്ചെ വടക്കുംനാഥൻ കൊക്കർണി പറമ്പിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളുകലായി എരണ്ടക്കെട്ട് ഉൾപ്പടെ വിവിധ അസുഖങ്ങളുമായി നിന്നിരുന്ന രാമചന്ദ്രന് നാലു ദിവസം മുമ്പാണ് രോഗം മൂർച്ഛിച്ചത്.

തുടർന്ന് ഡോ. ഗിരിദാസിന്റെ നേതൃത്വത്തിൽ ചികിത്സ ഉണ്ടായിരുന്നെങ്കിലും വീഴുകയായിരുന്നു. എന്നാൽ വീണിടത്ത് കിടന്നും പട്ട എടുത്തിരുന്നെങ്കിലും ഇന്നലെ പുലർച്ചെ 12.30 ഓടെയാണ് ആന പ്രേമികളെ ദുഃഖത്തിലാക്കി വിടപറഞ്ഞത്. കണ്ടാൽ വലിയ പ്രത്യേകതകളൊന്നമില്ല, എന്നാൽ ചിട്ടകളിൽ കണിശക്കാരനായിരുന്നു രാമചന്ദ്രൻ. ഒമ്പതടിയിലേറെ ഉയരമുള്ള രാമചന്ദ്രൻ കേരളത്തിലെ നിരവധി ഉത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

തൃശൂരിലെ മരക്കച്ചവടക്കാരനായിരുന്ന ഇ.ഡി. വറീതിന്റെ ലക്ഷ്മി എന്ന പിടിയാന നാട്ടിൽ പ്രസവിച്ചതാണ് രാമചന്ദ്രനെ. കൊടുങ്ങലൂർ സ്വദേശി കെ.ജി. ഭാസ്‌കരനാണ് അഞ്ചാം വയസിൽ രാമനെ തൃപ്രയാർ തേവർക്ക് നടയിരുത്തുന്നത്. 2007- 08 കാലഘട്ടങ്ങളിൽ തുപ്പൂണിത്തുറ ക്ഷേത്രത്തിലെ നിത്യ ശീവേലിക്ക് രാമനാണ് പൂർണ്ണത്രയീശന്റെ തിടമ്പ് എടുത്തിരുന്നത്. ഇന്നലെ വൈകീട്ടോടെ ജഡം കോടനാട്ട് വനത്തിൽ സംസ്‌കരിച്ചു.

രാമചന്ദ്രൻ ചെരിഞ്ഞതോടെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനത്തറവാട്ടിൽ കഴിഞ്ഞ അഞ്ച് വർഷത്തിനകം അഞ്ചാമത്തെ കൊമ്പനെയാണ് നഷ്ടമാകുന്നത്. നേരത്തെ തമ്പുരാൻ നാരായണൻ, ഗിരീശൻ, ബാലരാമൻ, സീതാരമാൻ എന്നിവർ വിട പറഞ്ഞിരുന്നു.