തൃശൂർ: കൊവിഡ് വ്യാപനം തുടരുമ്പോഴും, മാസങ്ങളായി നിശ്ചലാവസ്ഥയിലായിരുന്ന കെട്ടിട നിർമ്മാണം അടക്കമുള്ള തൊഴിൽ മേഖലകൾക്ക് ചലനമുണ്ടാക്കുകയാണ് സ്വന്തം നാടുകളിൽ നിന്ന് തിരിച്ചെത്തിയ അന്യസംസ്ഥാനതൊഴിലാളികൾ. തൊഴിലാളികൾ തിരിച്ചെത്തിയതിനും ചിലർ നാട്ടിലേക്ക് മടങ്ങാതിരുന്നതിനും കാരണങ്ങളേറെയുണ്ട്. പലരും വളരെ വർഷങ്ങളായി ഒരേ തൊഴിൽ സ്ഥാപനത്തിൽ തന്നെ തുടരുന്നവരാണ്. ഇങ്ങനെയുള്ളവർക്ക് അവരുടെ വേതനം പൂർണമായും ഓരോ ദിവസവും കൈയിൽ കിട്ടില്ല. പറഞ്ഞത് പ്രകാരമുളള ദിവസവേതനത്തെക്കാൾ കുറവാണ് ദിവസവും നൽകുക. വേതനത്തിന്റെ ഒരു ഭാഗം ദിവസവും തൊഴിലുടമയുടെ പക്കൽത്തന്നെയാകും. ഇത് ഒരുമിച്ചാണ് അവർക്ക് കൊടുക്കാറുളളത്. സാമ്പത്തിക പ്രതിസന്ധി കാരണം മിക്കവാറും തൊഴിലാളികൾക്ക് ഈ തുക ലഭിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ പലരും നാട്ടിലേക്ക് മടങ്ങിയതുമില്ല. പോയവർ വേഗം തിരിച്ചെത്തുകയും ചെയ്തു. വർഷങ്ങളായി കേരളത്തിൽ കുടിയേറിപ്പാർക്കുന്നവർ സ്വന്തമായി വീട് നിർമാണവും ആരംഭിച്ചിട്ടുണ്ട്. തൊഴിലാളികൾക്ക്‌ ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്‌. അടുത്തകാലത്ത് തദ്ദേശീയരായ തൊഴിലാളികൾക്കു നൽകുന്ന വേതനത്തോടൊപ്പം നിൽക്കുന്ന തുകയാണ് പല അന്യസംസ്ഥാന തൊഴിലാളികളും വാങ്ങുന്നത്.

അവരുടെ ഉയർന്ന ഉത്‌പാദനക്ഷമതയും മലയാളികൾക്ക് സ്വീകാര്യമായി. സുരക്ഷാനിർദ്ദേശം പാലിക്കാതെ അതേസമയം, യാതൊരു സുരക്ഷാ മുൻകരുതലുകളോ കൊവിഡ് പ്രോട്ടോക്കോളോ പാലിക്കാതെ അതിര്‍ത്തി കടത്തിയാണ് ഇവർ എത്തുന്നതെന്ന ആക്ഷേപവുമുണ്ട്. ഏജന്റുമാർക്കാണ് ഇവരുടെ ക്വാറന്റൈൻ ചുമതല. എന്നാൽ ഇത് പാലിക്കാതെ തിരിച്ചെത്തിയ ഉടൻ ഇവരെ ജോലിക്ക് നിയോഗിക്കുന്നതായും പറയുന്നു. കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനങ്ങളിൽ നിന്നുളളവരായതിനാൽ ഭീതിയും നിലനിൽക്കുന്നുണ്ട്. പുത്തൂർ സൂവോളജിക്കൽ പാർക്കിൽ അടക്കം അന്യസംസ്ഥാനതൊഴിലാളികൾ നിർമ്മാണപ്രവർത്തനങ്ങളിൽ പഴയപടി സജീവമായിട്ടുണ്ട്. കർശനമായ സുരക്ഷാസൗകര്യങ്ങളും മുൻകരുതലുകളുമാണ് ഇവർക്ക് ഒരുക്കിയിരിക്കുന്നത്.

പുത്തൂർ പാർക്കിലെ സുരക്ഷകൾ

1) 38 അതിഥി തൊഴിലാളികളെയും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ താമസിപ്പിക്കണം. ഇവരെ വേർതിരിച്ചറിയുന്നതിനായി കയ്യിൽ പ്രത്യേക ടാഗ്

2) തൊഴിലാളികളുടെ നീക്കങ്ങൾ ശ്രദ്ധിക്കുന്നതിനായി രണ്ട് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം.

3) മെയിൻ ഗേറ്റുകൾ ഒഴികെയുള്ള മറ്റു പ്രവേശന സാദ്ധ്യതയുള്ള സ്ഥലങ്ങൾ അടക്കണം.

4) ക്വാറൻ്റൈനിൽ കഴിയുന്നവർ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഫോറസ്റ്റ് എയ്ഡ് പോസ്റ്റ് ഉണ്ടാക്കണം.

..............

''ജനങ്ങളിൽ അനാവശ്യ ഭീതി പരത്തുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടികൾ സ്വീകരിക്കും. ആരോഗ്യ വിഭാഗം, പഞ്ചായത്ത് ജനപ്രതിനിധികൾ, തൊഴിലാളികൾ, സമീപവാസികൾ എന്നിവരുടെ പ്രത്യേക ജാഗ്രത വേണം. പൊലീസിന്റെ കർശനമായ പട്രോളിംഗും ഏർപ്പെടുത്തി''

കെ. രാജൻ, ഗവ. ചീഫ് വിപ്പ് (പുത്തൂർ പാർക്കിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ)......