തൃശൂർ : സ്വപ്‌ന സുരേഷും സന്ദീപ് നായരും ബംഗളൂരുവിലേക്ക് രക്ഷപ്പെട്ടത് പാലിയേക്കര ടോൾ പ്ലാസ വഴിയാണോയെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചേക്കും. എൻ.ഐ.എ ഉദ്യോഗസ്ഥർ അടുത്ത ദിവസം തന്നെ ഇവിടെയെത്തി സി.സി.ടി.വി കാമറ പരിശോധിച്ചേക്കും. ഇന്നലെ അതിനിടെ സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കൊണ്ടുള്ള എൻ.ഐ.എ സംഘത്തിന്റെ വാഹനത്തിന് ജില്ലയിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പാലിയേക്കര ടോൾപ്ലാസയ്ക്ക് സമീപവും കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു.

ഇവരെക്കൊണ്ട് വരുന്നതിനിടെ പ്രതിഷേധം ഉണ്ടാകുമെന്ന മുന്നറിയിപ്പ് വന്നതോടെ ദേശീയ പാതയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിച്ചിരുന്നു. പല ഭാഗങ്ങളിലും കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തി. അതേ സമയം ഇരുവരെയും പിടികൂടിയ എൻ.ഐ.എ സംഘത്തിന് അഭിവാദ്യമർപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ബി.ജെ.പി പ്രവർത്തകരും രംഗത്തെത്തി.