പുതുക്കാട്: സ്വർണ്ണക്കടത്ത് കേസിൽ ബംഗളൂരുവിൽ പിടിയിലായ സ്വപ്ന സുരേഷിനെയും, സന്ദീപ് നായരെയും എൻ.ഐ.എ കൊച്ചിയിലേക്ക് കൊണ്ടുവരുമെന്നറിഞ്ഞതോടെ പാലിയേക്കര ടോൾ പ്ലാസയിൽ യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചിരുന്നു.
ബി.ജെ.പി പ്രവർത്തകർ എൻ.ഐ.എയ്ക്ക് അഭിവാദ്യം അർപ്പിച്ച് മുദ്രാവാക്യം വിളിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സർക്കാരിനും , മുഖ്യമന്ത്രിക്കും എതിരെയുള്ള മുദ്രാവാക്യങ്ങളാണ് വിളിച്ചത്. ഇതിനിടെ 12.30 ഓടെ എൻ.ഐ.എയുടെ വാഹനവ്യൂഹം അമിതവേഗത്തിലെത്തി. പാലിയേക്കര മേൽപ്പാലത്തിൽ നിന്നിറങ്ങിയതോടെ വാഹനവ്യൂഹം രണ്ടായി പിരിഞ്ഞ് ടോൾ പ്ലാസയ്ക്ക് മദ്ധ്യത്തിൽ ഒഴിച്ചിട്ട് തുറന്നുവച്ചിരുന്ന ട്രാക്കുകൾ വഴി കടന്ന് പോയി. വാഹനവ്യൂഹത്തെ കണ്ടതോടെ കാത്തു നിന്ന പ്രതിഷേധക്കാരുടെ നിയന്ത്രണം വിട്ടു. ഇവർ ടോൾ പ്ലാസയുടെ മദ്ധ്യത്തിലെത്തുന്നതിന് മുമ്പ് തന്നെ വാഹനവ്യൂഹം അമിതവേഗത്തിലെത്തി, മിന്നൽപോലെ പാഞ്ഞ് ട്രാക്ക് മറികടന്നു.
വാഹന വ്യൂഹത്തിന് മുന്നിലെ ഇന്നോവ കാറിൽ സ്വപ്ന സുരേഷും, സന്ദീപ് നായരും മാസ്ക് ധരിച്ചാണ് ഇരുന്നിരുന്നത്. നിയോജക മണ്ഡലം പ്രസിഡന്റ് എ.ജി രാജേഷിന്റെ നേതൃത്വത്തിലായിരുന്നു ബി.ജെ.പി പ്രവർത്തകർ. ഡി.സി.സി സെക്രട്ടറി സെബി കൊടിയന്റെ നേതൃത്വത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ.