പാലപ്പിള്ളി: തോട്ടം മേഖലയിലെത്തുന്നവർക്ക് കൗതുകക്കാഴ്ചയും പാലപ്പിള്ളിക്കാർക്ക് പൊല്ലാപ്പുമാണ് കുള്ളൻ പശുക്കൾ. സ്വന്തമായി ഭൂമി പോലുമില്ലെങ്കിലും തൊഴിലാളികളാണ് ഇവയെ വളർത്തുന്നത്. തീറ്റയും പരിചരണവും ഇല്ലാതെ തോട്ടം മേഖലകളിൽ അലഞ്ഞുതിരിഞ്ഞാണ് പശുക്കളുടെ നടപ്പ്. പാലപ്പിള്ളി തോട്ടം മേഖലയിലുള്ള 80 ശതമാനം പശുക്കളും കുള്ളൻ ഇനത്തിൽപ്പെട്ടവയാണ്. രോഗപ്രതിരോധ ശേഷി കൂടുതലുള്ള പശുക്കൾ മനുഷ്യരോട് നന്നായി ഇണങ്ങുമെന്നതും പ്രത്യേകതയാണ്.
പശുമോഷണം പതിവ്
പാലപ്പിള്ളി കുള്ളൻ ഇനത്തിന്റെ മേന്മയറിഞ്ഞ് ഇവ മോഷ്ടിച്ച് കടത്തുന്നതും പതിവാകുന്നുണ്ട്. പാലപ്പിള്ളി കുള്ളൻ പശുക്കളെ മറ്റിടങ്ങളിലെത്തിച്ച് കെട്ടിയിട്ട് വളർത്തുമ്പോൾ ഗുണങ്ങൾ നഷ്ടപെടുന്നുവെന്നാണ് വിവരം. അതിനാൽ ഇവയെ അറവുശാലയിലേക്ക് എത്തിക്കുകയാണ് മോഷ്ടാക്കളുടെ രീതി.
പാലപ്പിള്ളി മൈസൂർ ഗേറ്റിന് സമീപം നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പശുക്കളെ വാഹനത്തിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി. വിലയ്ക്ക് വാങ്ങിക്കൊണ്ടുപോകുകയാണെന്നായിരുന്നു മോഷ്ടാക്കളുടെ വാദം. പൊലീസ് ഉടമയെ എത്തിച്ചതോടെ മോഷണമാണെന്ന് തെളിഞ്ഞു.
പശുക്കളുടെ യഥാർത്ഥ ഉടമയെ കണ്ടെത്താനാകാത്തതും പരാതി ഇല്ലാത്തതും മോഷണക്കേസുകളിൽ പലപ്പോഴും തലവേദനയാകുന്നുണ്ട്. പശുക്കളെ ഉടമസ്ഥർക്ക് തന്നെ തിരിച്ചറിയാൻ പറ്റുന്നില്ലെന്നതാണ് വസ്തുത. മേഞ്ഞുനടക്കുന്ന പശുക്കൾ വനത്തിലും തോട്ടത്തിലും മറ്റും പ്രസവിച്ച് പിന്നീട് കുട്ടികളുമായി കണ്ടെത്തുന്നതും പതിവാണ്. പാലപ്പിള്ളി കുള്ളനെക്കുറിച്ച് കാര്യമായ പഠനം ഇല്ലാത്തതും ഇവയുടെ ഗുണമേന്മ വിളംബരം ചെയ്യുന്നതിൽ വിഘാതമാകുന്നുണ്ട്.
പൊല്ലാപ്പിങ്ങനെ
ആദ്യകാലങ്ങളിൽ കമ്പനിയുടെ തോട്ടങ്ങളിൽ കടക്കുന്ന വളർത്തുമൃഗങ്ങളെ പിടിച്ചുകെട്ടി പ്രത്യക സ്ഥലത്ത് സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. തുടർന്ന് ഉടമസ്ഥരിൽ നിന്നും പിഴ ഈടാക്കിയിരുന്നു. കമ്പനികൾ ഇത് നിറുത്തിയതോടെയാണ് പശുക്കൾ കൂടുതലായി അലഞ്ഞുനടക്കാൻ തുടങ്ങിയത്. ഇത്തരം പശുക്കൾ ചിമ്മിനി ഡാം റോഡിലാണ് അന്തിയുറങ്ങുന്നത്. റോഡിലെ ചാണകത്തിൽ ഇരുചക്ര വാഹനങ്ങൾ തെന്നിമറിയുന്നതും പതിവാണ്.
പുലി ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇവയെ പിടിക്കുന്നതും പതിവാണ്. വളർത്തുമൃഗങ്ങൾക്കുണ്ടാകുന്ന കുളമ്പുരോഗം വന്യമൃഗങ്ങൾക്ക് പകരുമോയെന്ന ആശങ്കയുമുണ്ട്. അതിനാൽ കുള്ളൻ പശുക്കളെ അഴിച്ചുവിടരുതെന്ന് ഉടമകൾക്ക് വനപാലകർ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും പാലിക്കപ്പെടാറില്ല. ഇതേത്തുടർന്ന് അലഞ്ഞുനടക്കുന്ന പശുക്കൾക്ക് വ്യാപക കുത്തിവയ്പ് നടത്തുകയാണ് ചെയ്യുന്നത്.
കുള്ളന്റെ കാര്യം
പാലപ്പിള്ളി കുള്ളൻ പശുക്കൾക്കുള്ളത് കൂടിയ അതിജീവനശേഷി
പാലപ്പിള്ളി തോട്ടം മേഖലയിലെ പശുക്കളിൽ 80% കുള്ളൻ പശുക്കൾ
കുള്ളൻ പശുക്കൾ കൂടുതലായും ഉപയോഗിക്കുന്നത് മാംസാഹാരത്തിന്
കുള്ളൻ ഇനങ്ങളുടെ പാലും മാംസവും പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്ന്