covi
covid,

തൃശൂർ: കൊവിഡ് ക്ലസ്റ്റർ വ്യാപനം തടയാൻ തൃശൂരിൽ നിയന്ത്രണം കർശനമാക്കി. ജില്ലയിലെ എല്ലാ മുഖ്യ മാർക്കറ്റുകളിലെയും കടകളിൽ ഒരു സമയം മൂന്നു ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഇവർ ജില്ലാ മെഡിക്കൽ ഓഫീസറുടെ പരിശോധനയ്ക്കു വിധേയമാവണം. കടകളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകും. കാർഡില്ലാത്തവരെ മാർക്കറ്റുകളിൽ പ്രവേശിപ്പിക്കില്ല. കടകളിൽ സാനിറ്റൈസർ, ഗുണനിലവാരമുള്ള മാസ്ക്, കൈയുറ എന്നിവ നിർബന്ധമായും കരുതണം.

ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് വിളിച്ചു ചേർത്ത വ്യാപാരികളുടെയും തൊഴിലാളി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. കോർപറേഷൻ മേയർ അജിത ജയരാജൻ, സിറ്റി കമ്മിഷണർ ആർ. ആദിത്യ , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ റീന, ജില്ലാ സപ്ലൈ ഓഫീസർ അയ്യപ്പദാസ് തുടങ്ങിയവർ പങ്കെടുത്തു.

നിർദ്ദേശം ഇവ

60 വയസിന് മുകളിലുള്ളവരെ കടകളിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല

സാമൂഹിക അകലം പാലിക്കുന്നതിന് കടകളിൽ കൃത്യമായ മാർക്കിംഗ് വേണം

വഴിവാണിഭക്കാരുടെ എണ്ണം നിയന്ത്രിക്കും

കടയിലുള്ള ജീവനക്കാരുടെ പേര് വിവരം പ്രദർശിപ്പിക്കണം

പകുതി ജീവനക്കാർക്ക് ഒരാഴ്ച , മറു പകുതി അടുത്ത ആഴ്ച എന്ന രീതിയിൽ കടയുടെ പ്രവർത്തനം ക്രമീകരിക്കണം

ചരക്കു ലോറികൾക്കും കയറ്റിറക്കിനും സമയ നിയന്ത്രണം കർശനമാക്കും

കടയുടെ പുറത്തു പടികളിൽ വച്ച് കച്ചവടം അനുവദിക്കില്ല

............

നിർദ്ദേശം പാലിക്കാത്ത കടകൾ അടച്ചിടുന്നതടക്കമുള്ള നടപടികൾ ജില്ലാ ഭരണകൂടം കൈക്കൊള്ളും

എസ്. ഷാനവാസ്

കളക്ടർ