പാവറട്ടി: ഹരിത കേരളം പദ്ധതിയിൽ മുല്ലശ്ശേരിയിൽ പച്ചത്തുരുത്ത് ഒരുങ്ങുന്നു. എലവത്തൂരിലെ പഞ്ചായത്ത് വാതക ശ്മശാന ഭൂമിയിലാണ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവനം ഒരുക്കുന്നത്. ഇതിനായി നീക്കിവച്ച നാലു സെന്റ് സ്ഥലത്ത് തേക്ക്, വീട്ടി, നെല്ലി, പുളി തുടങ്ങിയ വൃക്ഷങ്ങളുടെ സ്വഭാവിക വനമേഖലയാണ് ഒരുക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ ജെന്നി ജോസഫ് മുഖ്യാതിഥിയായി. ജനപ്രതിനിധികളായ സീമ ഉണ്ണിക്കൃഷ്ണൻ, മിനി മോഹൻദാസ്, പി.കെ. രാജൻ, ക്ലമന്റ് ഫ്രാൻസിസ്, പി.എ. കൃഷ്ണൻകുട്ടി, തൊഴിലുറപ്പ് പദ്ധതി അസി. എൻജിനിയർ കാവ്യ വിവേക്, ഓവർസിയർ സി.ആർ. ജ്യോതി എന്നിവർ പങ്കെടുത്തു.
മുല്ലശ്ശേരി പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി കോമ്പൗണ്ടിലും നാല് സെന്റ് സ്ഥലത്ത് ചെറുവനം ഒരുക്കുന്നുണ്ട്. രണ്ടിടത്തുമായി 400 വൃക്ഷതൈകൾ നട്ടുവളർത്തും. തൊഴിലുറപ്പ് തൊഴിലാളികളാണ് വനം വച്ചുപിടിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നത്. മൂന്നു വർഷക്കാലം ചെറുവനത്തിന്റെ പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്. അതിനായി ബന്ധപ്പെട്ട പഞ്ചായത്ത് വാർഡ് അംഗം ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.