swapna

തൃശൂർ : തൃശൂരിലെ കൊവിഡ് കെയർ സെന്ററിൽ (ഫാത്തിമ നഗറിലെ അമ്പിളികല ഹോസ്റ്റലിൽ) മൂന്നു ഗേറ്റുകൾ കടന്നെത്തുന്ന നാലാമത്തെ കെട്ടിടത്തിലാണ് സ്വപ്‌നയെ പാർപ്പിച്ചത്. മൂന്നു നിലകളുള്ള കെട്ടിടത്തിലെ രണ്ടാമത്തെ നിലയിലെ മുറിയിലാണ് സ്വപ്‌ന. വനിത ജയിൽ അസി. സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് സുരക്ഷാ ചുമതല ഒരുക്കിയത്. ഇതിന് പുറമേ മൂന്ന് വനിത പ്രിസൺ ഓഫീസർമാരും നാലു പുരുഷ പ്രിസൺ ഓഫീസർമാരും ഉണ്ട്.

താഴത്തെ നിലയിൽ രണ്ട് വനിത സിവിൽ പൊലീസ് ഓഫീസർമാരും ഉണ്ട്. കൂടാതെ ഇരുപതോളം പൊലീസുകാരെ പുറത്തും വിന്യസിപ്പിച്ചിട്ടുണ്ട്. എൻ.ഐ.എ ഉദ്യോഗസ്ഥരും പരിസരത്തുണ്ട്. രാത്രി സാധാരണ ചോറും കറികളുമാണ് ഇവർക്ക് നൽകാറുള്ളതെന്നും അത് തന്നെയായിരിക്കും സ്വപ്‌നയ്ക്കും നൽകുകയെന്നും ജയിലധികൃതർ പറഞ്ഞു. കൊവിഡ് കെയർ സെന്ററായതിനാൽ സാധാരണ മുറിക്കുള്ളിലാണ് സ്വപ്‌നയെ പാർപ്പിച്ചത്. എന്നാൽ മുറിക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറത്ത് നിന്ന് നിരീക്ഷിക്കാനുള്ള സംവിധാനം ഉണ്ട്.

റേഞ്ച് ഐ.ജിയുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ കുറ്റകൃത്യങ്ങളിൽപെടുന്നവരെ റിമാർഡ് ചെയ്താൽ കൊവിഡ് പരിശോധനാഫലം വരുന്നത് വരെ ഇവിടെയാണ് പാർപ്പിക്കുക. സ്വപ്നയെ ഇവിടെയെത്തിച്ചതോടെ കൊവിഡ് കെയർ ജയിൽ പൂർണമായും എൻ.ഐ.എ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ഇവിടെ നിന്ന് യാതൊരുവിധ വിവരവും പുറത്ത് പോകരുതെന്ന നിർദ്ദേശവും ഉദ്യോഗസ്ഥർക്ക് നൽകിയതായും വിവരമുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ ആദിത്യ, എ.സി.പി വി.കെ. രാജു, തൃശൂർ ഈസ്റ്റ് സി.ഐ ലാൽ കുമാർ, വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ പി.വി സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്.