തൃശൂർ: സ്വർണ്ണക്കടത്ത് കേസിൽ എൻ.ഐ.എ കോടതി റിമാൻഡ് ചെയ്ത സ്വപ്ന സുരേഷിനെ തൃശൂരിലെ കൊവിഡ് കെയർ സെന്ററായ അമ്പിളിക്കല ഹോസ്റ്റലിലാണ് എത്തിച്ചത്. വിവിധ കേസുകളിൽപ്പെട്ട 22 പുരുഷന്മാരും മൂന്ന് സ്ത്രീകളും സെന്ററിൽ കഴിയുന്നുണ്ട്. ഇവർക്കൊപ്പം തന്നെയാണ് സ്വപ്നയെയും പ്രവേശിപ്പിച്ചിരിക്കുന്നത്.
രക്തസമ്മർദ്ദത്തിനുള്ള ഗുളികയും ഭക്ഷണവും സ്വപ്നയ്ക്ക് കൈമാറിയിട്ടുണ്ട്. വൈകിട്ട് 7.10 നാണ് കനത്ത പൊലീസ് സന്നാഹത്തോടെ സ്വപ്നയെ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന് അടുത്തുള്ള ഹോസ്റ്റലിലെത്തിച്ചത്. നേരത്തെ തന്നെ പൊലീസിന് വിവരം നൽകിയത് അനുസരിച്ച് കനത്ത സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നു.
എൻ.ഐ.എയുടെ വാഹനത്തിൽ മൂന്ന് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്വപ്നയെ എത്തിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് കൊണ്ടുപോകുമ്പോൾ യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ പ്രതിഷേധമുയർത്തിയിരുന്നു. അതിനാൽ പ്രതിഷേധമുണ്ടാകുമെന്ന് കരുതി അറുപതോളം പൊലീസുകാരെ ഹോസ്റ്റൽ പരിസരത്ത് വിന്യസിപ്പിച്ചിരുന്നു.
രാത്രിയിലും ഇന്ന് പകലും കൂടുതൽ വനിതാ പൊലീസിനെ നിയോഗിക്കും. കമ്മിഷണർ ആർ. ആദിത്യ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മാദ്ധ്യമപ്രവർത്തകരെയും ജനങ്ങളെയും മാറ്റിനിറുത്തിയാണ് കാർ ലോഡ്ജിന്റെ അകത്തേയ്ക്ക് കയറ്റിയത്. ഉടനെ ഗേറ്റ് അടയ്ക്കുകയും ചെയ്തു.
തൃശൂരിലെ എൻട്രൻസ് പരിശീലനാ കേന്ദ്രത്തിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റലായിരുന്നു ഇത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേസുകളിൽപെട്ടവരെ കൊവിഡ് പരിശോധനയ്ക്കു ശേഷം പാർപ്പിക്കാനായി മാറ്റുകയായിരുന്നു. രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വപ്നയ്‌ക്കെതിരെ തൃശൂരിൽ പ്രതിഷേധമുയർത്തി.