contact
contact trace,

തൃശൂർ : അന്യസംസ്ഥാനത്ത് നിന്ന് നടപടിക്രമം പൂർത്തിയാക്കാതെ എത്തുന്നവർ ആരോഗ്യ പ്രവർത്തകർക്ക് തലവേദന സൃഷ്ടിക്കുന്നു. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് പാസ് വേണ്ടെങ്കിലും കൊവിഡ് ജാഗ്രതാ പോർട്ടറിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശം പലരും ലംഘിക്കുന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ കണക്കുകൾ യഥാസമയം ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് ജാഗ്രതാ സെല്ലിൽ അറിയുന്നുണ്ട്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് മറ്റ് വാഹനങ്ങളിലൂടെ എത്തുന്നവരുടെ വിവരം പക്ഷേ ആരോഗ്യ പ്രവർത്തകർക്ക് പൂർണ്ണമായും ലഭിക്കുന്നില്ല. ഇവർ നാട്ടിലെത്തിയാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഇവരൊന്നും ഇത് പാലിക്കുന്നില്ല. പലരും നിരീക്ഷണത്തിലിരിക്കാൻ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്. ഇത് മൂലം ജില്ലയിലെ പല ഭാഗങ്ങളിലും നിരീക്ഷണ സംവിധാനം പാളുകയാണ്. പലയിടത്തും ഇവർ പുറത്തിറങ്ങുന്നത് സംഘർഷാവസ്ഥ സൃഷ്ടിക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം നഗരത്തിൽ സ്വകാര്യ ലോഡ്ജിൽ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ ഇയാൾ നിരീക്ഷണത്തിലിരുന്ന ആളാണോ എന്ന രേഖകൾ ആരോഗ്യ വകുപ്പിന് ലഭിച്ചിരുന്നില്ല. കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വരുന്നവർ നിർബന്ധമായും നിരീക്ഷണത്തിലിരിക്കണമെന്നാണ് നിർദ്ദേശം. വരുന്നവരുമായി ഇടപഴകുന്ന വീട്ടുകാരും പുറത്ത് പോകരുത്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 85 ശതമാനം പേരും വിദേശത്ത് നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഇതിൽ വിദേശത്ത് നിന്ന് വന്നവർക്കാണ് രോഗം കൂടുതലെങ്കിലും അന്യസംസ്ഥാനക്കാരുടെ കണക്കും പിറകിലല്ല. ഇത്തരത്തിൽ നിർദ്ദേശം പാലിക്കാതെ വന്നാൽ വലിയ തോതിലുള്ള സമ്പർക്ക സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണവും കൂടുകയാണ്. പുറമേ ഉറവിടം കണ്ടെത്താത്ത രോഗികളുടെ എണ്ണവും കൂടുന്നുണ്ട്.


ജില്ലയിൽ എത്തുന്ന ട്രെയിനുകൾ

നിസാമുദ്ദീൻ - മംഗള എക്‌സപ്രസ്, നേത്രാവതി, ജനശതാബ്ദി എന്നിവയാണ് ജില്ലയിലെത്തുന്നത്. ഇതിൽ പരമാവധി ദിവസവും 30 നും 75 നും ഇടയിൽ യാത്രക്കാരാണ് ജില്ലയിൽ ഇറങ്ങുന്നത്. ഇവരുടെ കണക്കുകൾ ലഭ്യമാണെങ്കിലും ഇതിലേക്കാൾ ഇരട്ടിയിലേറെ പേർ മറ്റ് മാർഗങ്ങളിലൂടെ വരുന്നവരാണ്.

നിലവിലെ നിരീക്ഷണം

അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ, ആരോഗ്യ പ്രവർത്തകരും പൊലീസും വീടുകളിലെത്തി നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ വരുന്നവരെ പരമാവധി ഒറ്റയ്ക്ക് താമസിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇവർക്ക് ആവശ്യമായ സാധനങ്ങൾ പൊലീസും ആരോഗ്യ പ്രവർത്തകരും പ്രദേശത്തെ പഞ്ചായത്ത് അംഗവും ആർ.ആർ.പി അംഗങ്ങളുമാണ് എത്തിക്കുന്നത്.

ഉറവിടം കണ്ടെത്താത്തവർ 2

സാമൂഹിക വ്യാപനം ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും രണ്ട് പേർക്ക് ഉറവിടം കണ്ടെത്താത്തത് ആശങ്ക ഉയർത്തുന്നുണ്ട്. ഇവർ രണ്ടു പേരും മരിച്ചു. ഏങ്ങണ്ടിയൂരിൽ കുമാരൻ എന്നയാളുടെയും കഴിഞ്ഞ ദിവസം അരിമ്പൂർ പഞ്ചായത്തിലെ പരയ്ക്കാട് മരിച്ച വത്സലയുടെയും മരണം സംബന്ധിച്ച അവ്യക്തത തുടരുകയാണ്. എങ്ങണ്ടിയൂരിൽ പുറത്തേക്ക് പോലും ഇറങ്ങാത്തയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.