തൃശൂർ : രണ്ട് സെന്റ് ഭൂമിയിലും വനം തീർക്കാമെന്ന 'അകിര മിയാവാക്കി' എന്ന സസ്യശാസ്ത്രജ്ഞന്റെ ആശയത്തിൻ്റെ ചുവട് പിടിച്ച് വിയ്യൂർ ജയിൽ വളപ്പിലും സ്വാഭാവിക വനമൊരുങ്ങുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെയും ജയിലധികൃതരുടെയും സംയുക്താഭിമുഖ്യത്തിലാണ് ഗാന്ധി സ്മൃതി വനമെന്ന പേരിൽ വനം ഒരുക്കുന്നത്. ഒരു സെന്റ് ഭൂമിയിൽ വ്യത്യസ്ത ഇനങ്ങളിൽ പെട്ട 160 വൃക്ഷത്തൈകൾ നടും. ഒരു സ്ക്വയർ മീറ്ററിൽ നാല് വരെ ചെടി നട്ട് പിടിപ്പിക്കാം. 40.5 സ്ക്വയർ മീറ്ററാണ് ഒരു സെൻ്റ്. ഇവിടെ ഒരു സ്ക്വയർ മീറ്ററിൽ മൂന്ന് ചെടികളാണ് വെച്ച് പിടിപ്പിച്ചത്. 2,000 തൈകളാണ് 20 സെൻ്റിൽ നട്ടത്. വനഗവേഷണ കേന്ദ്രം, സോഷ്യൽ ഫോറസ്ട്രി വകുപ്പ് , എച്ച്.ഡി.എഫ്.സി ബാങ്ക്, കൊറ്റിക്കൽ ശിവദാസ് എന്നിവരാണ് വൃക്ഷത്തൈകൾ നൽകിയത്. ജയിൽ അന്തേവാസികളും തൈകൾ തയ്യാറാക്കി. ഡോ.കെ. വിദ്യാസാഗർ, എൻ.എസ്. നിർമ്മലാനന്ദൻ നായർ, ഡോ. ജമാലുദ്ദീൻ, പി.ജെ സലിം, എം.എം ഹാരിസ്, സി.എസ് അനീഷ്, വി.എ നവാസ് ബാബു എന്നിവർ പങ്കെടുത്തു.
.........................................................
വനം ഒരുക്കുന്നത് ഇങ്ങനെ
അര മീറ്റർ മുതൽ ഒരു മീറ്റർ വരെ മണ്ണ് നീക്കി അതിൽ ജൈവവളവും പച്ചില കമ്പോസ്റ്റും നിറക്കും. ഇതിന് മുകളിൽ മേൽ മണ്ണിടും. മരങ്ങൾ ഇടകലർത്തിയാണ് നടുക. വൻമരങ്ങൾ, മരങ്ങൾ, കുറ്റിച്ചെടികൾ, ഔഷധച്ചെടികൾ എന്നീ ക്രമത്തിൽ വെച്ച് പിടിപ്പിക്കും. വലിയ ഉയരമുള്ള കുന്തിരിക്കം പോലുള്ളവയുടെ കീഴിൽ അധികം സൂര്യപ്രകാശം കിട്ടിയില്ലെങ്കിലും ജീവിക്കുന്ന ചെടികൾ, കുറ്റിച്ചെടികൾ, സ്വാഭാവികമായുള്ള ഔഷധികൾ എന്നീ ക്രമത്തിൽ ചെടികൾ പിടിപ്പിച്ചാണ് സ്വാഭാവിക വനം സൃഷ്ടിക്കുന്നത്.
.....................................................
ജില്ലയിൽ ഇത്തരത്തിൽ 100 കാടുകളെങ്കിലും ഒരുക്കും. നഗര കേന്ദ്രീകൃതമായാണ് ഇത്തരം സ്വാഭാവിക വനം സൃഷ്ടിക്കേണ്ടത്. ഇത് വലിയ രീതിയിലുള്ള ശബ്ദ - വായു മലിനീകരണം കുറയ്ക്കും. മരങ്ങൾക്ക് 8 മുതൽ 10 വരെ ഡെസിബൽ ശബ്ദമലിനീകരണം കുറയ്ക്കാൻ കഴിയുമെന്നാണ് പഠനം. അന്തരീക്ഷ ഊഷ്മാവ് കുറയും. അതുപോലെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഫ്രൂട്ടേറിയൻ രീതിയിലുള്ള വനങ്ങളും സൃഷ്ടിക്കാനാകും.
ടി. സത്യനാരായണൻ
ജില്ല സെക്രട്ടറി
ശാസ്ത്രസാഹിത്യ പരിഷത്