തൃശൂർ: അയ്യന്തോളിൽ പിനാക്കിൾ ഫ്ലാറ്റിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ യൂത്ത് കോൺഗ്രസ് പുതുക്കാട് നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന വി.എ.റഷീദിനുൾപ്പെടെ മൂന്ന് പേർക്ക് ജീവപര്യന്തം കഠിനതടവ്. മൂന്ന് പ്രതികളും കൂടി 9,25,000 രൂപ പിഴയടക്കണം. ഈ തുക കൊല്ലപ്പെട്ട സതീശന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി നൽകും. ഒന്നാംപ്രതി കൊടകര വാസുപുരം മാങ്ങാറിൽ വീട്ടിൽ കൃഷ്ണപ്രസാദ്, രണ്ടാംപ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ വാസുപുരം വെട്ടിക്കൽ റഷീദ്, മൂന്നാംപ്രതി റഷീദിന്റെ കാമുകി തൈക്കാട് വല്ലിശേരി വീട്ടിൽ ശാശ്വതി എന്നിവർക്കാണ് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചത്.കൃഷ്ണകുമാർ 25,000 രൂപയും റഷീദ് ആറ് ലക്ഷവും ശാശ്വതി മൂന്നുലക്ഷവും നഷ്ടപരിഹാരം നൽകണം. മൂന്ന് മാസത്തിനകം തുക നൽകിയില്ലെങ്കിൽ പ്രതികളുടെ സ്വത്തുക്കളിൽ നിന്ന് വസൂലാക്കണമെന്ന് തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.ആർ മധുകുമാർ വിധിച്ചു.
നാലാം പ്രതി ഡ്രൈവർ രതീഷിന് ഒന്നര വർഷവും എട്ടാംപ്രതി സുജീഷീന് ഒരു വർഷവും തടവ് ശിക്ഷ വിധിച്ചു.
2016 മാർച്ച് മൂന്നിന് അയ്യന്തോൾ പഞ്ചിക്കൽ പിനാക്കിൾ ഫ്ലാറ്റിൽ വച്ച് ഷൊർണൂർ ലതാ നിവാസിൽ ബാലസുബ്രഹ്മണ്യന്റെ മകൻ സതീശനെയാണ് കൊലപ്പെടുത്തിയത്. സതീശന് ആലുവ തിരു- കൊച്ചി സഹകരണ ബാങ്കിൽ ജോലി ശരിയാക്കാമെന്ന് റഷീദ് വാക്കുനൽകിയിരുന്നു. ഇതനുസരിച്ച് സതീശൻ റഷീദിന്റെ ഫ്ലാറ്റിലെത്തി. തുടർന്ന് റഷീദിന്റെ സാമ്പത്തിക ഇടപാടുകളും ശാശ്വതിയുമായിട്ടുള്ള അടുപ്പവും സതീശൻ സുഹൃത്തിനോട് പങ്കുവച്ചതിനെ ചൊല്ലി തർക്കമുണ്ടായി. ഭക്ഷണവും വെള്ളവും നൽകാതെ ബാത്ത് റൂമിൽ മൂന്ന് ദിവസം പൂട്ടിയിട്ട് സതീശനെ മർദ്ദിച്ചു. സതീശനെക്കൊണ്ട് മൂത്രം കുടിപ്പിച്ചത് ക്രൂരമാണെന്നും വധശിക്ഷ നൽകണമെന്നും പ്രൊസിക്യൂഷൻ വാദിച്ചിരുന്നു. കേസിൽ പ്രതി ചേർത്തിരുന്ന മുൻ കെ.പി.സി.സി സെക്രട്ടറി എം.ആർ.രാംദാസ്, ബിജു, സുനിൽ എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. തൃശൂർ വെസ്റ്റ് സി.ഐയും നിലവിൽ എ.സി.പിയുമായ വി.കെ രാജുവാണ് കേസന്വേഷിച്ചത്. സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ വിനു വർഗീസ് കാച്ചപ്പിള്ളി, അഡ്വ. സജി ഫ്രാൻസിസ് ചുങ്കത്ത്, ജോഷി പുതുശേരി എന്നിവർ ഹാജരായി.