kattana
പോത്തന്‍ചിറയില്‍ ഐപ്പന്‍ പറമ്പില്‍ കുന്നേല്‍ മറിയാമ്മയുടെ പറമ്പില്‍ ഞായര്‍ രാത്രിയില്‍ നശിപ്പിച്ച തെങ്ങുകള്‍.

വെള്ളിക്കുളങ്ങര: കാട്ടാനശല്യം രൂക്ഷമായ പോത്തൻചിറയിലെ കർഷക കുടുംബം കൃഷിയിറക്കാനാകാതെ ദുരിതത്തിൽ. ഐപ്പൻപറമ്പിൽ കുന്നേൽ മറിയാമ്മയും കുടുംബവുമാണ് കഴിഞ്ഞ മൂന്ന് വർഷമായി ഭയത്തിൽ കഴിയുന്നത്.
ഞായറാഴ്ച സന്ധ്യയോടെ ഇവരുടെ വീട്ടുപറമ്പിലെ രണ്ട് തെങ്ങുകള് മറിച്ചിട്ടു. രണ്ട് ആനകൾ ഉണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് എട്ടോടെ എത്തിയ വനപാലകർ എത്തി പടക്കം പൊട്ടിച്ച് ആനകളെ കാട്ടിലേക്കോടിച്ചു. മൂന്ന് വർഷമായി തുടർച്ചയായുള്ള കാട്ടാന ശല്യത്തെ തുടർന്ന് ഇവരുടെ വരുമാന മാർഗമായ തെങ്ങും മറ്റ് കാർഷിക വിളകളും പാടെ നശിപ്പിച്ചിരിക്കുകയാണ്.
പോത്തൻചിറ, താളൂപ്പാടം തുടങ്ങിയ മലയോര മേഖലകളിൽ സന്ധ്യയോടെ ജനവാസ കേന്ദ്രത്തിലെത്തുന്ന കാട്ടാനക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയാണ്. കാട്ടാനശല്യം തടയിടാൻ സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ സമരങ്ങൾ നടത്തിയെങ്കിലും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല. ലക്ഷങ്ങൾ ചെലവഴിച് നിർമിച്ച സോളാർ വേലിയും കാട്ടാനകൾ നശിപ്പിച്ചിരിക്കുകയാണ്.

ആകെയുള്ള 110 തെങ്ങിൽ 62 എണ്ണവും നശിപ്പിച്ചു. കൂടാതെ കവുങ്ങ്, റബ്ബർ, വാഴ തുടങ്ങിയവയും തുടർച്ചയായി നശിപ്പിക്കുകയാണ്. ആനശല്യത്തെ തുടർന്ന് വീട്ടുപറമ്പിൽ പുതിയ കൃഷിയൊന്നും ഇറക്കാനാകുന്നില്ല.

- മറിയാമ്മ, കർഷക.