തൃശൂർ: കോർപറേഷൻ ചെറുകിട ജലവൈദ്യുത പദ്ധതിയെ ചൊല്ലി കൗൺസിൽ യോഗത്തിൽ ഭരണ- പ്രതിക്ഷ വാക്‌പോര്. യു.ഡി.എഫ് കൗൺസിലും കെ.എസ്.ഇ.ബിയും വിജയകരമല്ലെന്ന് കണ്ട് തള്ളിയ പദ്ധതിയാണ് എൽ.ഡി.എഫ് ഭരണസമിതി നടപ്പിലാക്കാൻ വേണ്ടി 4.13 കോടി രൂപ കെട്ടിവച്ചതും, കോടിക്കണക്കിന് രൂപ ചെലവഴിക്കാൻ പോകുന്നതും, ഇത് ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.
കോർപറേഷന് നഷ്ടം വരുന്ന പദ്ധതികളുമായി ഭരണ സമിതി മുന്നോട്ട് പോകരുതെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ എം.എസ്. സമ്പൂർണ്ണ പറഞ്ഞു. കാര്യങ്ങൾ സുതാര്യമായിരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനായി കാര്യങ്ങൾ വിലയിരുത്തുന്നതിനും ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കുന്നതിനും അഡീഷണൽ സെക്രട്ടറിയെ കൗൺസിൽ യോഗം ചുമതലപ്പെടുത്തിയതായി മേയർ അറിയിച്ചു.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കളക്ടറുടെ നിർദ്ദേശപ്രകാരം അയ്യന്തോൾ സോണലിനു കീഴിലുള്ള ഇ.കെ. മേനോൻ ഹാളിൽ സാമൂഹിക അകലം പാലിച്ച് പ്രോട്ടോക്കോൾ പ്രകാരമാണ് ഇന്ന് കൗൺസിൽ യോഗം ചേർന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ക്രമീകരിക്കുന്നതിനും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനും ഈ സാഹചര്യത്തിൽ ലൈസൻസ് ഫീ, വസ്തുനികുതി, വ്യാപാര ലൈസൻസുകൾ ഉൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ, വിനോദ നികുതി തുടങ്ങിയവ പിഴപലിശ കൂടാതെ അടപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കാനും ചേർന്ന കൗൺസിൽ തീരുമാനിച്ചു.