sreerama-temple
ഒരുക്കങ്ങളില്ലാതെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം

തൃശൂർ: രാമായണ മാസാചരണത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ ലക്ഷക്കണക്കിന് പേർ തീർത്ഥാടനത്തിനെത്തുന്ന നാലമ്പലങ്ങളിൽ ഒരുക്കങ്ങളില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളിൽ ഭക്തർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഇത്തവണ നാലമ്പല തീർത്ഥാടനം മുടങ്ങുന്നത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് പ്രസിദ്ധമായ നാലമ്പലങ്ങൾ.
കർക്കടകം ഒന്നു മുതൽ ഒരുമാസക്കാലം ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ ദർശനം നടത്താറുള്ളത്. കർക്കടക മാസത്തിൽ നാലു ക്ഷേത്രങ്ങളിൽ ഒരേദിവസം ദർശനം നടത്തുന്നത് പുണ്യമാണെന്നാണ് വിശ്വാസം. തൃപ്രയറിൽ നിന്ന് തുടങ്ങി ഇരിങ്ങാലക്കുട, മൂഴിക്കുളം എന്നിവിടങ്ങളിലെ ദർശനത്തിന് ശേഷം പായമ്മലിൽ അവസാനിക്കുന്നതാണ് നാലമ്പല തീർത്ഥാടനം. നാലമ്പല ദർശനത്തിന്റെ ഭാഗമായി ഒരു മാസം മുമ്പേ ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ ആരംഭിക്കാറുണ്ടായിരുന്നു.

കൊച്ചിൻ ദേവസ്വം ബോർഡ്, കൂടൽമാണിക്യം ദേവസ്വം എന്നിവയെ സംബന്ധിച്ച് തീർത്ഥാടനകാലം ഇല്ലാതാകുന്നത് തിരിച്ചടിയാകും. ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് വഴിപാടുകളിലൂടെ ദേവസ്വങ്ങൾക്ക് ലഭിച്ചിരുന്നത്.

ടൂറിസ്റ്റ് വാഹനങ്ങൾക്ക് കനത്ത തിരിച്ചടി
ടൂറിസ്റ്റ് ബസ്, ട്രാവലറുകൾ മറ്റു ടാക്‌സികൾ എന്നിവയെ സംബന്ധിച്ച് തീർത്ഥാടന കാലം ഇല്ലാതാകുന്നത് തിരിച്ചടിയാണ്. കൊവിഡിനെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ പ്രതിസന്ധിയിലായിരുന്ന ഡ്രൈവർമാർക്ക് ഇതുകൂടി ഇല്ലാതാകുന്നതോടെ പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയിലേക്കെത്തും. വാഹനങ്ങൾ വിറ്റ് മറ്റ് ഉപജീവനമാർഗങ്ങൾ തേടാൻ നോക്കുന്നുണ്ടെങ്കിലും വാങ്ങാൻ ആളില്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.

വ്യാപാരികൾ
മാസങ്ങളായി ക്ഷേത്ര പരിസരങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ പലതും അടഞ്ഞു കിടക്കുകയാണ്. ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം നിയന്ത്രിച്ചത് മുതൽ ഇവിടങ്ങളിൽ ആളനക്കമില്ല. ഹോട്ടലുകാർക്കും ഇത് തിരിച്ചടിയാകുന്നുണ്ട്. ഒരോ സീസൺ വരുമ്പോഴും ഏറെ പ്രതീക്ഷയാണ് ഇവർക്ക് ഉണ്ടായിരുന്നത്.