ജില്ലയിൽ 5000 കിടക്കകൾ കൂടി ഒരുക്കും
തൃശൂർ: സമ്പർക്കത്തിലൂടെ കൊവിഡ് കൂടുന്നുവെന്നതിന്റെ പശ്ചാത്തലത്തിൽ ആന്റിജൻ ടെസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ച് ജില്ലാ ഭരണകൂടം. രണ്ടാഴ്ച മുമ്പ് വരെ 60 പേർക്ക് മാത്രമായിരുന്നു സമ്പർക്കത്തിലൂടെ രോഗം പകർന്നിരുന്നത്. ഇത് നൂറിന് മുകളിലേക്ക് കടന്നതോടെയാണ് പരിശോധനാ സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നത്.
പ്രഥാമികാരോഗ്യ കേന്ദ്രം, താലൂക്ക്, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിലെ പരിശോധനകൾക്ക് പുറമേയാണ് സമൂഹ വ്യാപനം തിരിച്ചറിയുന്നതിന്റെ ഭാഗമായി ആന്റിജൻ ടെസ്റ്റുകളും നടത്തുന്നത്. നേരത്തെ ടെസ്റ്റുകളുടെ എണ്ണം കൂടിയതോടെ സമ്പർക്ക രോഗികളുടെ എണ്ണവും വർദ്ധിച്ചിരുന്നു. ഇതിനിടെ ഉറവിടമില്ലാത്ത കേസുകളുടെ എണ്ണം മൂന്നായിട്ടുണ്ട്. ഇതിൽ ഏങ്ങണ്ടിയൂർ സ്വദേശിയുടെ ഒഴിച്ച് ബാക്കി രണ്ട് പേരുടെ രോഗം വന്ന വഴി കണ്ടെത്താൻ കഴിയുമെന്നാണ് വിശ്വാസമെന്ന് കളക്ടർ പറഞ്ഞു.
ആന്റിജൻ ടെസ്റ്റിന് എത്തിയിരിക്കുന്നത് 1500 കിറ്റുകൾ
പൊലീസിനും ആരോഗ്യ പ്രവർത്തകർക്കും ആദ്യം പരിശോധന
ഇതുവരെ വിദേശത്ത് നിന്നെത്തിയവർ- 16,000
അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയത്- 26,000
മാർക്കറ്റുകളിൽ നിയന്ത്രണം ഏർപ്പെടുത്തും
സമ്പർക്ക സാദ്ധ്യത കണക്കിലെടുത്ത് പ്രധാന മാർക്കറ്റായ ശക്തൻ അടക്കമുള്ളവയിൽ നിയന്ത്രണം ഏർപ്പെടുത്തും. മൊത്തക്കച്ചവട സ്ഥാപനത്തിൽ മൂന്നു ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തനം നടത്തുകയെന്ന തീരുമാനവുമുണ്ടാകും.
സ്‌കൂളുകൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാകുന്നു
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 5000 കിടക്കകൾ സജ്ജമാക്കാൻ തീരുമാനം. ജില്ലയിൽ വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബുവിനാണ് ഇതിന്റെ ചുമതല. ഇന്ന് ജില്ലയിലെത്തി അദ്ദേഹം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവയാകും ചികിത്സാ കേന്ദ്രങ്ങൾ. നേരത്തെ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ സർക്കാർ ആശുപത്രികൾക്ക് പുറമേ സ്വകാര്യ ആശുപത്രികളും മറ്റ് സ്വകാര്യ കേന്ദ്രങ്ങളും രോഗികളെ പാർപ്പിക്കാൻ കണ്ടെത്തിയിരുന്നു.
പ്രവാസികൾ കുറയുന്നു
വിമാനങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതോടെ എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടാകുന്നുണ്ട്. എന്നാൽ അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർ കൂടുകയാണ്. വരുന്നവരിൽ കൂടുതലും രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ നിന്നാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ക്ലസ്റ്ററുകളാക്കും
രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്ത സാഹചര്യം വന്നാൽ വിവിധ ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ നീക്കം.