തൃശൂർ: കുന്നംകുളം നഗരസഭയിലെ കുടുംബശ്രീ ജീവനക്കാർക്ക് അടക്കം കൊവിഡ് സ്ഥിരീകരിക്കുകയും സമ്പർക്കത്തിലൂടെ ബാധിച്ചവരുടെ എണ്ണം 100 കടക്കുകയും ചെയ്തതോടെ വീണ്ടും അപായസൂചന. കോർപറേഷനിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കും കുരിയച്ചിറ വെയർഹൗസിലെ തൊഴിലാളികൾക്കും രോഗം ബാധിച്ച ശേഷം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ രോഗവ്യാപനത്തിന് ആശ്വാസമുണ്ടായിരുന്നു.
ജൂണിലെ ഒരു ദിവസം മാത്രം 14 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നിരുന്നു. സമ്പർക്ക രോഗികളിൽ പലർക്കും നിലവിൽ രോഗം ഭേദമായിട്ടുണ്ട്. രാജ്യത്താദ്യമായി കൊവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത തൃശൂരിൽ ജനുവരി 30ന് ശേഷം മാർച്ചിലാണ് ആദ്യ സമ്പർക്ക രോഗികൾ ഉണ്ടാകുന്നത്. മാർച്ചിൽ ഒരാൾക്കും ഏപ്രിലിൽ മൂന്ന് പേർക്കും സമ്പർക്കത്തിലൂടെ രോഗമുണ്ടായി.
മേയ് മൂന്ന് വരെയുള്ള കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ 13 രോഗികൾ മാത്രമാണ് ഉണ്ടായിരുന്നത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനത്തു നിന്നും തിരികെ എത്തിയവരിൽ അഞ്ഞൂറിലേറെ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ 600 ലേറെ പേർക്കാണ് രണ്ടര മാസ കാലയളവിൽ രോഗമുണ്ടായത്.
പച്ചത്തുരുത്തായി വീണ്ടും പ്‌ളാസ്മതെറാപ്പി
മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിലുള്ള മറ്റൊരു കൊവിഡ് രോഗിക്ക് കൂടി പ്ലാസ്മാതെറാപ്പി നൽകിയത് ആശ്വാസമായി. കൊവിഡ് രോഗമുക്തി നേടിയ ചെങ്ങാലൂർ സ്വദേശി സോണി (34) ആണ് പ്ലാസ്മാദാനം നടത്തിയത്.
മുമ്പ് മൂന്ന് കൊവിഡ് രോഗികൾക്കാണ് ഗവ. മെഡിക്കൽ കോളേജിൽ പ്ലാസ്മാതെറാപ്പി നൽകിയത്. അതിൽ 2 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. പ്ലാസ്മാ തെറാപ്പിക്ക് വിധേയരായവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കുഴിക്കാട്ടുശ്ശേരി ഡേവീസ് ആന്റണി, ചാവക്കാട് അമ്മുണ്ണി, ഒല്ലൂർ സ്വദേശി രതീഷ് എന്നിവരാണ് മുമ്പ് പ്ലാസ്മാ ദാനം ചെയ്തവർ.
പ്ലാസ്മ ദാനം ചെയ്ത സോണി, അബുദാബിയിൽ പെട്രോളിയം റിഫൈനറിയിൽ ടെക്‌നീഷ്യനായിരുന്നു. തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്നു. ജൂൺ 8ന് ഡിസ്ചാർജ് ചെയ്ത് 20 വരെ വീട്ടിൽ ക്വാറന്റൈനിലായിരുന്നു.
നേതൃത്വം:
രക്തബാങ്ക് മേധാവി ഡോ. ഡി. സുഷമ, ഡോ. പി.കെ. ഇന്ദു, ഡോ. പി.എസ്. അഞ്ജലി, സയന്റിഫിക് അസിസ്റ്റന്റ് ടി. സത്യനാരായണൻ. ചികിത്സ: ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. പി.എൻ.ശ്രീജിത്ത്.
എന്താണ് കൺവാലസന്റ് പ്ലാസ്മ ?
കൊവിഡ് രോഗമുക്തി നേടിയ ദാതാവിൽ നിന്നെടുക്കുന്ന രക്തഘടകമായ പ്ലാസ്മയിൽ കൊവിഡ് വൈറസിനെതിരായ ആന്റിബോഡി ഉണ്ടാകും. ഇത്തരത്തിലുള്ള പ്ലാസ്മയാണ് കൺവാലസന്റ് പ്ലാസ്മ. ഇതാണ് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്. ബ്ലഡ് ബാങ്കിൽ അടുത്തിടെ സ്ഥാപിച്ച നൂതന സംവിധാനമായ അഫറസിസ് യന്ത്രത്തിലൂടെയാണ് വേർതിരിച്ചെടുത്തത്.
#കൊവിഡ് രോഗിക്ക് നൽകിയത് 200 മി.ലി. വീതമുള്ള 2 ഡോസ്
#ആദ്യ ഡോസിന് ശേഷം 24 മണിക്കൂർ കഴിഞ്ഞ് രണ്ടാം ഡോസ്