psc-job
പി.എസ്.സി

സിവിൽ സപ്ലൈസ് റാങ്ക് പട്ടികയിൽ നിയമനം ഇഴയുന്നു

തൃശൂർ: ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വകുപ്പുകൾക്ക് ഒച്ചിന്റെ വേഗം, വിവിധ തസ്തികകളിൽ താത്കാലിക നിയമനം, സ്ഥിരപ്പെടുത്തൽ, ആശ്രിത നിയമനം എന്നിവ തകൃതി. പി.എസ്.സിയുടെ വിവിധ റാങ്ക് പട്ടികകളിൽ ഇടം നേടിയ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ നിയമനം കാത്തിരിക്കുമ്പോഴാണ് പിൻവാതിൽ നിയമനം തകൃതിയായി നടക്കുന്നത്. കൊവിഡിന്റെ മറവിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധിക്കില്ലെന്ന ധാരണയിലാണ് നിയമന അട്ടിമറികൾ കൊഴുക്കുന്നത്. ഇതിനെതിരെ വിവിധ തസ്തികളിൽ പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരുടെ സംഘടനയായ ഫെഡറേഷൻ ഒഫ് ആൾ കേരള പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ (ഫെറ) സംസ്ഥാനതലത്തിൽ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്.

വിവിധ വകുപ്പുകളിലും കോർപറേഷനുകളിലും ബോർഡുകളിലുമാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന പ്രക്രിയ തുടരുന്നത്.

നിയമനം പകുതി പോലുമെത്താതെ സെയിൽസ്‌മാൻ പട്ടിക

സിവിൽ സപ്ലൈസ് കോർപറേഷനിൽ അസി. സെയിൽസ്മാൻ റാങ്ക് പട്ടികയുടെ കാലാവധി എല്ലാ ജില്ലകളിലും അവസാന ഘട്ടത്തിലാണ്. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും ഉണ്ടായിരുന്ന തസ്തികകൾ മരവിപ്പിച്ചും അസി. സെയിൽസ്മാൻ നിയമനം അട്ടിമറിക്കുകയാണ്. സപ്ലൈകോയുടെ വിപണന ശ്യംഖലയും ഒപ്പം മറ്റു തസ്തികകളും വളരുമ്പോഴും ഈ തസ്തിക മാത്രം കുറയുന്നു.

നിയമനം 1089 പേർക്ക്
5843 പേരുള്ള പി.എസ്.സി റാങ്ക് പട്ടികയിൽ നിന്നും ഇതുവരെ 1089 നിയമനം മാത്രമാണ് നടന്നിട്ടുള്ളത്. വിവരാവകാശ പ്രകാരം ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മറുപടിയിൽ അയ്യായിരത്തിലേറെ താത്കാലിക ജീവനക്കാർ ഡിസ്‌പ്ലെ പാക്കിംഗ് സ്റ്റാഫായി സംസ്ഥാനത്തൊട്ടാകെ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും ഏറെ വർഷമായി ജോലി ചെയ്യുന്നവരുമാണ്.


സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്‌നമെങ്കിൽ ഇഴഞ്ഞുനീങ്ങുന്ന റാങ്ക് പട്ടികകൾക്ക് കാലാവധി നീട്ടി നൽകി നിയമനം നടത്തി ഉദ്യോഗാർത്ഥികളോട് സർക്കാർ നീതി കാണിക്കണം
- ഫെഡറേഷൻ ഒഫ് ആൾ കേരള പി.എസ്.സി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ.