തൃശൂർ: പ്രളയത്തിൽ വീട് നഷ്ടമായവർക്ക് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. ജില്ലയിലെ പഴയന്നൂരിൽ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിച്ചാണ് പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലായ് 16ന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. മന്ത്രി എ.സി. മൊയ്തീൻ തറക്കല്ലിടുമെന്ന് യു.ആർ. പ്രദീപ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഭൂരഹിത ഭവന രഹിതർക്ക് സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് നിർമ്മിച്ച് നൽകുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് പഴയന്നൂർ പഞ്ചായത്തിലെ ഏഴാം വാർഡായ കുന്നംപുള്ളിയുടെ ഒരേക്കർ ആറ് സെന്റ് സ്ഥലത്ത് ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. 36 വീടുകൾ മൂന്നു ബ്‌ളോക്കുകളിലായാണ് നിർമ്മിക്കുക.
പഴയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. ഖുർഷിദ് വി.എ, കളക്ടർ എസ്. ഷാനവാസ്, ഡെപ്യൂട്ടി രജിസ്ട്രാർ ലളിതാംബിക എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.