തൃശൂർ: തൃശൂരിൽ കീം 2020 പരീക്ഷ നടത്തിപ്പിനായുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജില്ലയിൽ 40 ഓളം പരീക്ഷാ സെന്ററുകളിലായി 11,800 വിദ്യാർത്ഥികളാണ് കേരള മെഡിക്കൽ എൻജിനിയറിംഗ് ആർക്കിടെക്ച്ചർ എക്‌സാം അഥവാ കീം 2020ന് രജിസ്റ്റർ ചെയ്തത്. ഇതിനായി 680 ലധികം ക്ലാസ് മുറികൾ ജില്ലയിൽ സജ്ജമാക്കിയതായി കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.
21 പരീക്ഷാ സെന്ററുകൾ ഫയർഫോഴ്‌സും, 10 സെന്ററുകൾ കോർപറേഷനും, 9 സെന്ററുകൾ സന്നദ്ധ പ്രവർത്തകരും ശുചീകരിച്ചു വരുന്നു. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളുടെ യാത്രാസൗകര്യം അതത് പരീക്ഷാ സെന്ററുകൾ അവശ്യപ്പെടുന്നതിനനുസരിച്ച് കെ.എസ്.ആർ.ടി.സി ലഭ്യമാക്കും. പരീക്ഷാ ദിവസങ്ങളിലെ ഗതാഗത നിയന്ത്രണം, പരീക്ഷാ നടത്തിപ്പ് ക്രമീകരണം, കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും യാത്ര എന്നിവയുടെ ചുമതല പൊലീസിനെ ഏൽപ്പിച്ചു.
വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ, ഗ്ലൗസ്, മാസ്‌ക് എന്നിവ നൽകാനും അവ സുരക്ഷിതമായി നിർമാർജ്ജനം ചെയ്യുന്നതിനും ലെയ്‌സൺ ഓഫീസർമാരെ ചുമതലപ്പെടുത്തി.