എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ കിടങ്ങൂരിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 14ഉം 12ഉം വയസുള്ള പെൺകുട്ടികളും ഉൾപ്പെടുന്നു. ക്വാറന്റൈനിലായതിനാൽ സമ്പർക്ക വ്യാപനമില്ല. 26ന് ചെന്നെയിൽ നിന്നെത്തിയ കുടുംബത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേരടങ്ങുന്ന കുടുംബത്തിൽ രണ്ട് വയസുള്ള കുട്ടിക്ക് മാത്രമാണ് കൊവിഡ് ബാധയില്ലാത്തത്. കുട്ടിയുടെ മാതാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇവരോടൊപ്പം ഈ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പോർക്കുളം സ്വദേശി 38 കാരനായ ബന്ധുവിനാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പുരുഷൻമാർക്കും, രണ്ട് സ്ത്രീകൾക്കും, രണ്ട് പെൺ കുട്ടികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് വയസുള്ള കുട്ടിയെ ഉൾപ്പടെ ഏഴ് പേരേയും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇതോടെ കടങ്ങോട് പഞ്ചായത്തിൽ സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി. നാല് പേർ രോഗമുക്തി നേടിയിട്ടുണ്ട്.