എരുമപ്പെട്ടി: കൊവിഡ് മഹാമാരിയിൽ ജീവിത മാർഗം തടസപ്പെട്ടപ്പോൾ അതിജീവനത്തിനായി പുതിയ മേഖല കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം കലാകാരൻമാർ. നൃത്ത അദ്ധ്യാപകരായ ആറ് പേർ ഉപജീവനത്തിനായി ഹോട്ടൽ തൊഴിലിലേക്ക് ചുവട് വച്ചിരിക്കുകയാണ്. അറിയപ്പെടുന്ന നൃത്ത അദ്ധ്യാപകരായ കണ്ണൻ എരുമപ്പെട്ടി, ഗിരീഷ് പഴഞ്ഞി, സുബ്രഹ്മണ്യൻ കുന്നംകുളം, രമേഷ് നെല്ലുവായ്, രതീഷ് പട്ടാമ്പി, മേക്കപ്പ് മേനും കൂടിയായ നന്ദൻ കാട്ടാകാമ്പാൽ എന്നിവരാണ് ഹോട്ടൽ തൊഴിലിലേക്ക് കാലെടുത്ത് വച്ചിരിക്കുന്നത്.
എരുമപ്പെട്ടി കരിയന്നൂരിലാണ് ന്യൂഗ്രാൻ്റ് എന്ന പേരിൽ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. നൃത്തം മാത്രമല്ല, പാചകവും വിതരണവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഈ കലാകാരൻമാർ. നൃത്ത പരിശീലന ക്ലാസുകൾ മുടങ്ങിയതോടെയാണ് ഇവർ പുതിയ മേഖലയിലേക്ക് പ്രവേശിച്ചത്. കൂട്ടത്തിൽ ഭൂരിഭാഗം പേരും രണ്ട് പതിറ്റാണ്ടിലധികമായി നൃത്ത പരിശീലന രംഗത്തുള്ളവരാണ്. സ്കൂൾ കലോത്സവങ്ങളാണ് പ്രധാന വരുമാന മാർഗം. കഴിഞ്ഞ രണ്ട് പ്രളയത്തിൽ പ്രതിസന്ധിയിലായ ഈ തൊഴിൽ മേഖല കൊവിഡ് മഹാമാരിയിൽ പൂർണ്ണമായും ഇല്ലാതായി. സ്കൂളുകളുടെ പ്രവർത്തനം തടസപ്പെട്ടതോടെ കലോത്സവങ്ങളും അനിശ്ചിതത്വത്തിലാണ്. ഈ സാഹചര്യത്തിലാണ് അതിജീവനത്തിനായി ഇവർ മറ്റൊരു തൊഴിൽ കണ്ടെത്താൻ നിർബന്ധിതരായത്.
പാചക കലയിലും പ്രാവീണ്യമുള്ള കണ്ണൻ്റെ ആശയമാണ് ഇവരെ ഹോട്ടൽ മേഖലയിലേക്ക് അടുപ്പിച്ചത്. പാചകവും വിതരണവും ഉൾപ്പടെ ഹോട്ടലിലെ എല്ലാ ജോലികളും ചെയ്യുന്നത് ഇവർ തന്നെയാണ്. ഏത് തൊഴിലും അഭിമാനത്തോടെ ചെയ്യാൻ കഴിയുമെന്ന് ഓർമ്മിപ്പിക്കുന്ന ഈ അദ്ധ്യാപകർ മറ്റുള്ളവർക്ക് സ്വാദിഷ്ടമായ ഭക്ഷണം നൽകുന്നതും കലാപ്രവർത്തനത്തെ പോലെ തന്നെ മനസിന് സംതൃപ്തി നൽകുന്ന ഒന്നാണെന്നും അഭിപ്രായപ്പെടുന്നു.