എരുമപ്പെട്ടി: കുന്നംകുളം കൊവിഡ് സമൂഹ വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ കടങ്ങോട് മേഖല ആശങ്കയിൽ. കൊവിഡ് ബാധിതനുമായി സമ്പർക്കമുള്ളയാൾ കടങ്ങോട് മില്ല് സെൻ്ററിലുള്ള കടകളിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന് ദിവസത്തേക്ക് കടകൾ അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. കുന്നംകുളത്ത് ബാർബർ ഷോപ്പ് നടത്തുന്ന കടങ്ങോട് സ്വദേശിക്ക് കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളും ഇയാളുടെ വീട്ടുകാരിൽ ചിലരും പുറത്തിറങ്ങി നടക്കുകയും വ്യാപാര സ്ഥാപനങ്ങളിൽ പോവുകയും ചെയ്തിട്ടുണ്ട്. കുന്നംകുളത്തുള്ള വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് കടങ്ങോടുള്ള കൊവിഡ് ബാധിതൻ ക്വാറന്റൈനിൽ പ്രവേശിച്ചത്. സമൂഹ വ്യാപനത്തിന് സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് നാട്ടുകാർ. ആരോഗ്യ വകുപ്പ് മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്.