തൃശൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോർപറേഷനിൽ ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തീരുമാനമായി. കൊവിഡ് 19 പശ്ചാത്തലത്തിൽ കളക്ടറുടെ നിർദ്ദേശപ്രകാരം അയ്യന്തോൾ സോണലിന് കീഴിലുള്ള ഇ.കെ മേനോൻ ഹാളിൽ നടന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.

കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ 30 വാഹനങ്ങളുടെ സഞ്ചാരഗതി മനസ്സിലാക്കുന്നതിനും ആ മേഖലയിലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഈ വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കാനും തീരുമാനമായി. ലൈസൻസ് ഫീ, വസ്തുനികുതി, വ്യാപാര ലൈസൻസുകൾ ഉൾപ്പെടെയുള്ള വിവിധ ലൈസൻസുകൾ, വിനോദനികുതി തുടങ്ങിയവ പിഴപ്പലിശ കൂടാതെ അടയ്ക്കുന്നതിനുള്ള സൗകര്യമൊരുക്കും. തൃശൂർ കോർപറേഷന് കീഴിലുള്ള പാലസ് ഗ്രൗണ്ടിൽ ഫ്‌ളഡ് ലൈറ്റ് ഉൾപ്പെടെയുള്ള സ്റ്റേഡിയം ഉപയോഗിക്കുന്നതിന് ഒരു മത്സരത്തിന് രണ്ടു മണിക്കൂർ നേരത്തിന് 1500 രൂപ വാടക ഈടാക്കാനും യോഗം തീരുമാനിച്ചു. കണ്ണൻകുഴി ജലവൈദ്യുത പദ്ധതി തുടങ്ങുന്നതിനായി തുടർനടപടികൾക്ക് ആവശ്യമായ പ്രൊപോസൽ തയ്യാറാക്കൽ, വനഭൂമി ഏറ്റെടുക്കൽ, ഡിസൈൻ തയ്യാറാക്കൽ, വായ്പ ലഭ്യമാക്കൽ തുടങ്ങിയവയ്ക്ക് പ്രത്യേക അജൻഡകൾ വയ്ക്കുന്നതിന് അഡീഷണൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് നടന്ന കൗൺസിൽ യോഗത്തിൽ മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, ഡി.പി.സി മെമ്പർ വർഗീസ് കണ്ടംകുളത്തി, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ചെയർപേഴ്‌സൺമാർ തുടങ്ങിയവർ പങ്കെടുത്തു.