അതിരപ്പിള്ളി: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അതി നിയന്ത്രിത മേഖലയാക്കിയ പഞ്ചായത്തിലെ നാലാം വാർഡിൽ കിറ്റുകൾ വിതരണം ചെയ്ത് ജനമൈത്രി പൊലീസ് മാതൃകയായി. 253 കുടുംബങ്ങളിലും സഹായം എത്തിച്ചു. കാടും മലയും കയറിയാണ് വിതരണം. ഭൂരിഭാഗവും പാവപ്പെട്ട തൊഴിലാളികളാണിവിടെ. ഇക്കാര്യം ശ്രദ്ധയിൽ പെട്ട പൊലീസുകാർ സുമനസുകളെ കണ്ടെത്തി കിറ്റ് ലഭ്യമാക്കുകയായിരുന്നു. ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും കോഴിമുട്ടയും അടങ്ങുന്നതാണ് കിറ്റ്. പടിക്കൽ കിറ്റുകൾ വച്ച് വീട്ടുകാരെ അറിയിച്ച ശേഷം പൊലീസുകാർ മടങ്ങുകയാണ് രീതി. ഇൻസ്‌പെക്ടർ ഇ.കെ. ഷിജു, എസ്.ഐ പി.ഡി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.