ചാഴൂർ: പാറളം - ചാഴൂർ പഞ്ചായത്തുകളിലെ കോൾപ്പടവുകളെ ബന്ധിപ്പിക്കുന്ന ആലപ്പാട്, പുറത്തൂർ, കുണ്ടോളിക്കടവ് റോഡിന്റെ ഇരുവശങ്ങളും പുത്തൂർ ചിറക്കൽ ഭാഗങ്ങളിലൂടെ കിഴുപ്പിള്ളിക്കര വഴി പുഴയിലേക്ക് ഒഴുകുന്ന പുത്തൻതോടും മാലിന്യമുക്തമാക്കാൻ നിരീക്ഷണം ശക്തമാക്കണമെന്ന് ജില്ലാ കളക്ടർ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകി. പൊതു പ്രവർത്തകനായ എസ്.കെ റസാക്ക് നൽകിയ പരാതിയെ തുടർന്നാണ് കളക്ടറുടെ നിർദ്ദേശം. കോൾപ്പടവുകളിലും പുഴയിലും മാലിന്യം സ്ഥിരമായി നിക്ഷേപിക്കുന്നതായാണ് പരാതി. കക്കൂസ് മാലിന്യം ഉൾപ്പെടെ പുഴയിലേക്ക് ഒഴുക്കുന്നതായും പറയുന്നു. പുഴയിലൂടെ മാലിന്യം ഒഴുകി പ്രദേശത്തെ കുടിവെള്ള സ്രോതസുകളും മറ്റും മലിനമാകുന്നതായി നേരത്തേ നാട്ടുകാർ പരാതിപ്പെട്ടിരുന്നു. മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയൊന്നും ഇതുവരെ ഉണ്ടായില്ല.