തൃശൂർ: ലോക് ഡൗണിൽ ഓൺലൈൻ വ്യാപാരത്തിന്റെ ചുവടുപിടിച്ച് വ്യാജ വെബ്‌സൈറ്റുകളിലൂടെയും ഡിസ്‌കൗണ്ട് ഓഫറുകളുടെ പരസ്യത്തിലൂടെയും പണം തട്ടുന്ന സംഘം വ്യാപകമാകുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ ഉത്പന്നങ്ങളുടെ ഡിസ്‌കൗണ്ട് കാണിക്കുന്ന പരസ്യചിത്രങ്ങളിൽ ക്ലിക്ക് ചെയ്യുന്നതോടെ വ്യാജ വെബ്‌സൈറ്റിലേക്കാണ് എത്തുക. പ്രമുഖ ഓൺലൈൻ വെബ് സൈറ്റുകളെപ്പോലെ നിർമ്മിച്ചവയാണ് ഇവയിൽ പലതും. തെരഞ്ഞെടുത്ത ഉത്പന്നങ്ങൾ അയച്ചുതരാനെന്ന വ്യാജേന ഉപഭോക്താവിന്റെ ഫോൺ നമ്പർ, വിലാസം എന്നിവ ശേഖരിച്ച് ബാങ്ക് അക്കൗണ്ട് അടക്കമുളള സാമ്പത്തിക വിവരങ്ങൾ കൈക്കലാക്കും. തട്ടിപ്പുകാർ ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് അയച്ചുനൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉത്പന്നം തെരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നത് വഴിയാണ് ഇത് സാദ്ധ്യമാകുക. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ മൊബൈൽ ഫോണിലേക്ക് പലതരം ഷെയറിംഗ് ആപ്ലിക്കേഷനുകൾ വന്നുചേരും.

ഇത്തരം ആപ്പുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ആയാൽ ഉപഭോക്താവ് അറിയാതെ തട്ടിപ്പുകാർക്ക് മൊബൈൽ ഫോണിനെ എവിടെ നിന്നും നിയന്ത്രിക്കാം. മൊബൈൽ ഫോണിൽ ലഭിക്കുന്ന സന്ദേശങ്ങളും, നിർദ്ദേശങ്ങളും അവർക്ക് കാണാനും ഉപയോഗിക്കാനുമാകും. ഫോണിൽ ലഭിക്കുന്ന ഒ.ടി.പി സന്ദേശം അവർ വായിച്ചെടുക്കുകയും, ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന് ഇത് ഉപയോഗിക്കുകയും ചെയ്യും.

ഫിഷിംഗ് ഇങ്ങനെ

ഓൺലൈൻ ഇടപാടിലൂടെ വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുന്ന ഇത്തരം രീതിയാണ് ഫിഷിംഗ്. ഹാക്കർമാർ ഏതെങ്കിലും വെബ്‌സൈറ്റിനെ അനുകരിച്ച് വ്യാജ വെബ്‌പേജ് നിർമ്മിക്കുന്നു. അത്തരം വെബ്‌സൈറ്റിൽ പ്രവേശിക്കുന്നവർ വിവരങ്ങൾ അറിഞ്ഞോ അറിയാതെയോ നൽകുന്നു. ഇതിൽ നൽകുന്ന പാസ്‌വേർഡും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും മോഷ്ടിക്കുന്നു.

തൃശൂർ സിറ്റി പൊലീസ്

വിദ്യാസമ്പന്നരും കുടുങ്ങുന്നു

ഗുരുവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 50,000 രൂപ നഷ്ടമായത് ബി. ടെക് ബിരുദധാരിയായ യുവതിക്കായിരുന്നു. കൃത്യസമയത്ത് പരാതി നൽകിയത് മൂലം സൈബർ കുറ്റവാളി ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് കണ്ടെത്താനായി. ഇത്തരത്തിൽ അക്കൗണ്ടിൽ എത്തിച്ചേർന്ന പണം കുറ്റകൃത്യത്തിലൂടെ തട്ടിയെടുത്തതാണെന്ന് സിറ്റി കമ്മിഷണർ ബാങ്കിനെ അറിയിക്കുകയും പണം തടഞ്ഞുവയ്ക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അങ്ങനെ പണം തിരിച്ചു ലഭിച്ചു. 10,000 രൂപയിലധികം വിലയുള്ള സ്മാർട്ട് മൊബൈൽ ഫോൺ 799 രൂപയ്ക്കു കിട്ടുമെന്നും ലോക്ഡൗൺ വിലക്കിഴിവുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

ശ്രദ്ധിക്കാൻ

പ്രമുഖ വെബ്‌സൈറ്റുകൾക്കു സമാനമായ വ്യാജ സൈറ്റുകളെക്കുറിച്ച് ബോധവാന്മാരായി അവ ഒഴിവാക്കുക.

പ്രചരിക്കുന്ന ലിങ്കുകളിൽ ക്ലിക്കു ചെയ്യാതെ വെബ് വിലാസം വെബ് ബ്രൗസറിൽ നേരിട്ട് ടൈപ്പ് ചെയ്യുക.

മറ്റൊരാളുടെ നിർദ്ദേശപ്രകാരം ഷെയറിംഗ് ആപ്ലിക്കേഷനുകൾ ഫോണിലോ, കമ്പ്യൂട്ടറിലോ ഇൻസ്റ്റാൾ ചെയ്യരുത്.

തട്ടിപ്പ് വെബ്‌സൈറ്റുകളുടെ പേരുകളിലെ ഇംഗ്ലീഷ് അക്ഷരങ്ങൾ സൂക്ഷിച്ചു നോക്കിയാൽ വ്യത്യാസം മനസ്സിലാക്കാം.

വിശ്വസനീയമായ ഓൺലൈൻ വിൽപ്പന നടത്തുന്ന വെബ് സൈറ്റുകളിൽ നിന്നു മാത്രം ഉത്പന്നം വാങ്ങുക.