education

തൃശൂർ: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷനുകൾ, ടാബുകൾ, മൊബൈൽ ഫോണുകൾ എന്നിവ സമ്മാനമായി നൽകുന്ന ടി.എൻ. പ്രതാപൻ എം.പിയുടെ എം.പീസ് എഡ്യുകെയർ പദ്ധതി പ്രകാരം പാർലമെന്റ് മണ്ഡലത്തിൽ ആയിരം ടെലിവിഷനുകൾ നൽകി. 1001-ാമത് ടെലിവിഷൻ വ്യാഴാഴ്ച രാവിലെ 11ന് ചലച്ചിത്ര താരവും എം.പീസ് എഡ്യുകെയർ പദ്ധതി ഗുഡ്‌വിൽ അംബാസഡറുമായ ടൊവീനോ തോമസ് അയ്യന്തോളിലുള്ള എം.പി ഓഫീസിൽ വച്ച് എം.പിക്ക് കൈമാറും.

വരന്തരപ്പിള്ളിയിലെ എച്ചിപ്പാറ ആദിവാസി കോളനിയിലെ വിദ്യാർത്ഥിനിക്ക് ആദ്യ ടെലിവിഷൻ സമ്മാനിച്ചാണ് ജൂൺ ഏഴിന് എം.പീസ് എഡ്യുകെയർ പദ്ധതി ആരംഭിച്ചത്. എം.പിയുടെ ശമ്പളം ഉപയോഗിച്ച് ആദ്യം ടെലിവിഷനുകൾ വാങ്ങി തുടങ്ങിയ 'എഡ്യുകെയർ' പദ്ധതിയിൽ നിരവധി പ്രശസ്ത വ്യക്തികൾ, മലയാള സിനിമാ താരങ്ങളായ ബിജുമേനോൻ- സംയുക്തവർമ്മ ദമ്പതികൾ, മഞ്ജുവാര്യർ, സ്വകാര്യ – സഹകരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രദേശിക നേതൃത്വങ്ങൾ ടെലിവിഷനുകൾ നൽകി പ്രോത്സാഹിപ്പിച്ചിരുന്നു.