covid-test
കൊവിഡ് ടെസ്റ്റ്

തൃശൂർ: കൊവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ജില്ലയിൽ സൗകര്യങ്ങളില്ല. അവധി കഴിഞ്ഞ് വിദേശത്തേക്ക് മടങ്ങാൻ നിൽക്കുന്നവർ ദുരിതത്തിൽ. ആർ.ടി പി.സി.ആർ ടെസ്റ്റ് നടത്തി കൊവിഡില്ലെന്ന സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ വിേദശത്തേക്ക് പോകാൻ സാധിക്കൂ.

ട്രൂനാറ്റ് ടെസ്റ്റിനുള്ള സൗകര്യം ജില്ലയിൽ ഒരു സ്വകാര്യ മെഡിക്കൽ കോളേജിന് മാത്രമാണുള്ളത്. എന്നാൽ ട്രൂനാറ്റ് ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ അംഗീകൃതമല്ല. അതിനാൽ പ്രവാസികൾക്ക് മറ്റ് ജില്ലകളിലെ സ്ഥാപനങ്ങളിലേക്ക് പോകേണ്ടിവരും. പാലക്കാട് മെഡിക്കൽ കോളേജിൽ 1500 രൂപയ്ക്ക് ടെസ്റ്റിനുള്ള സൗകര്യമുണ്ട്. എറണാകുളത്ത് ഒന്നിലധികം സ്വകാര്യ സ്ഥാപനങ്ങൾക്ക് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകാൻ അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിൽ അമിതതുക ഈടാക്കുന്നുവെന്നാണ് വിവരം.

പല രാജ്യങ്ങളും കൊവിഡിന്റെ പശ്ചാത്തലത്തിൽ വിസാ കാലാവധി നീട്ടി നൽകിയിട്ടുണ്ട്. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്ക് വിമാന സർവ്വീസുകൾ തുടങ്ങി. അവധിക്ക് വന്നവർ തിരികെപ്പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഈവിധത്തിലുള്ള നിസഹായാവസ്ഥ. തൃശൂർ മെഡിക്കൽ കോളേജ്, ജില്ലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയാൽ പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായിരിക്കും.

നീട്ടി നൽകിയ വിസാ കാലാവധി കഴിഞ്ഞാൽ ഒരിക്കലും പോകാൻ സാധിക്കാത്ത അവസ്ഥയുണ്ടാകുമെന്ന് പ്രവാസികൾ ആശങ്കപ്പെടുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലകളിൽ ഒന്നാണ് തൃശൂർ. മറ്റ് ജില്ലകളിലേക്ക് ടെസ്റ്റിനായി യാത്ര ചെയ്യേണ്ടിവരുന്നത് ദുഷ്കരമാകും. സാമ്പത്തിക നഷ്ടത്തിന് പുറമേ പല ജില്ലകളിലും കൊവിഡ് വ്യാപനം കൂടുതലായ സ്ഥിതിക്ക് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് നടത്തി ലഭിച്ച റിപ്പോർട്ട് പ്രകാരം 92 മണിക്കൂറിനുള്ളിൽ വിദേശത്ത് എത്താൻ സാധിച്ചില്ലെങ്കിൽ ആ സർട്ടിഫിക്കറ്റ് അസാധുവാകും. ഇത് പ്രവാസികളെ സംബന്ധിച്ച് ആശങ്ക വർദ്ധിപ്പിക്കുന്നു.

അടുത്ത ദിവസങ്ങളിൽ കേരളത്തിൽ നിന്ന്
വിദേശത്തേക്കുള്ള വിമാന സർവീസുകൾ

ജൂലായ്

16- ഷാർജ
17- അബുദാബി, ദുബായ്
18- ഷാർജ
20- അബുദാബി
21- ഷാർജ
22- ദുബായ്
23- ഷാർജ
24- ദുബായ്
25- ഷാർജ
26- അബുദാബി


മെഡിക്കൽ കോളേജിൽ സൗകര്യം ഒരുക്കണം

പ്രവാസികളുടെ മടക്കയാത്രാ അനുമതി ലഭിക്കുന്നതിന് വേണ്ടിയുള്ള ആർ.ടി പി.സി.ആർ. കൊവിഡ് ടെസ്റ്റിന് തൃശൂർ ഗവ.
മെഡിക്കൽ കോളേജിൽ സെന്റർ ആനുവദിക്കണം. ഇക്കാര്യം ഉന്നയിച്ച് ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.

- സി.എ. മുഹമ്മദ് റഷീദ് , മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്