5,924 ആകെ ക്വാറികൾ
750 അനുമതിയുള്ളത്
തൃശൂർ: കാര്യമായ പരിശോധനയില്ലാത്തതു കാരണം സംസ്ഥനത്ത് ക്വാറികൾ പലതും തോന്നുംപിടി വ്യാപ്തി കൂട്ടുന്നു. അനധികൃത ക്വാറികൾ പതിന്മടങ്ങാവുകയും ചെയ്തു. ഇത് ഉരുൾപൊട്ടൽ വിളിച്ചു വരുത്തുമെന്ന് ഭൗമ, വനഗവേഷണ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് നിശ്ചയിച്ചു നൽകുന്ന സ്ഥല പരിധിയുടെ ഇരട്ടി കൈയേറി പാറ പൊട്ടിക്കുകയാണ്.
ക്വാറികൾ എത്രമാത്രം ആഴത്തിലും പരപ്പിലും പരിസ്ഥിതി സന്തുലനത്തെ തകർക്കുന്നെന്ന് കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കെ.എഫ്.ആർ.ഐ) കഴിഞ്ഞ വർഷം പഠനം നടത്തിയിരുന്നു. ആകെ 5,924 കരിങ്കൽ ക്വാറികൾ കേരളത്തിലുണ്ട്. ഇതിൽ 750നു മാത്രമാണ് പ്രവർത്തനാനുമതി. പരിസ്ഥിതി പഠനം നടത്താതെയാണ് പലയിടത്തും ക്വാറികൾക്ക് അനുമതി നൽകിയതെന്ന് കണ്ടെത്തി.
1983നും 2015നും ഇടയിൽ 115 ഭൂചലനം കേരളത്തിലുണ്ടായി. 78 സ്ഥലങ്ങളിൽ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ക്വാറികളുണ്ടായിരുന്നു.
ഉപരിതലത്തിലെ മണ്ണുമാറ്റിയാണ് പാറ തുരക്കുന്നത്. ഇത് സ്വാഭാവിക നീരൊഴുക്കിനെ ഇല്ലാതാക്കും. മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും വഴിയൊരുക്കും. ഭൂമിക്കുള്ളിലേക്ക് വെള്ളമിറങ്ങുന്ന പൈപ്പിംഗ് ആണ് വയനാട്ടിലും നിലമ്പൂരിലും ഉരുൾപൊട്ടലിന് കാരണമായതെന്നായിരുന്നു നിഗമനം.
ക്വാറികളുടെ അതിർത്തിയിൽ നിന്ന് റിസർവോയറുകൾ, നദികൾ, ആരാധനാലയങ്ങൾ, റോഡ്, വീട് എന്നിവയിലേക്കുള്ള ദൂരപരിധി 100 മീറ്ററിൽ നിന്ന് 50 മീറ്ററാക്കിയതും കൈയേറ്റത്തിന് തുണയായി.
വന്യജീവിസങ്കേതങ്ങളുടെ അതിർത്തിയിൽ നിന്നുള്ള ദൂരപരിധി ഒരു കിലോമീറ്ററായി നിജപ്പെടുത്തിയതും മറ്റുള്ള സ്ഥലങ്ങളിൽ വനാതിർത്തിയിൽ നിന്ന് ക്വാറികളിലേക്കുള്ള ദൂരപരിധി ഒഴിവാക്കിയതും പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
ക്വാറികൾ
ഭൂചലന സാദ്ധ്യതയുള്ള ബഫർ സോണിൽ: 354
ഗാഡ്ഗിൽ റിപ്പോർട്ട് പ്രകാരമുള്ള പരിസ്ഥിതി മേഖല ഒന്നിൽ: 1486 രണ്ടിൽ: 169 മൂന്നിൽ: 1667
കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി ലോലമേഖലകളിൽ: 655
സംരക്ഷിത വനമേഖലയുടെ 500 മീറ്റർ പരിധിയിൽ : 79
ഭാരതപ്പുഴയോരത്ത് : 940
കൂടുതലുള്ള ജില്ല: പാലക്കാട്, 867
ഖനന പ്രദേശം കൂടുതൽ: എറണാകുളം, 1261.13 ഹെക്ടർ (774 ക്വാറികൾ)
" 2015ൽ പാറമടകൾ സംബന്ധിച്ച പഠനങ്ങൾക്കും സർവേകൾക്കും ശേഷം എന്തുമാത്രം മാറ്റം സംഭവിച്ചെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്. "
ഡോ.ടി.വി. സജീവ്, ശാസ്ത്രജ്ഞൻ,കെ.എഫ്.ആർ.ഐ
" ക്വാറികളിലെ അശാസ്ത്രീയ സ്ഫോടനം, തോന്നുംപടി മണ്ണെടുപ്പും കല്ലെടുപ്പുമൊക്ക ഉരുൾപൊട്ടലിന് കാരണമാകുന്നെന്ന് വയനാട്ടിലെ പഠനത്തിൽ വ്യക്തമായി. "
- ഡോ . എസ്. ശ്രീകുമാർ, ഭൗമശാസ്ത്രജ്ഞൻ, ഐ.ആർ.ടി.സി ഡയറക്ടർ
ക്വാറികൾ സൃഷ്ടിക്കുന്ന ആഘാതം വലിയ പാറകളുടെ ഇടയിലെ വിള്ളലുകളെ വലുതാക്കും. അതാണ് ഉരുൾപൊട്ടലിലേക്ക് നയിക്കുന്നത്."
-എ.പി. മുരളി, സംസ്ഥാനപ്രസിഡന്റ്, ശാസ്ത്ര സാഹിത്യപരിഷത്ത്